ന്യൂഡല്‍ഹി: എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ നിറവില്‍ രാജ്യം. വിപുലമായ ആഘോഷപരിപാടികളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ യുദ്ധസ്മാരകത്തില്‍ പുഷ്പ ചക്രം സമർപ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കർത്തവ്യപഥില്‍ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും.
തുടർന്ന് ഇന്ത്യയുടെ സൈനികശക്തി വിളിച്ചോതുന്ന പ്രൗഢമായ റിപ്പബ്ലിക് ദിന പരേഡും അരങ്ങേറും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണാണ് ഇത്തവണത്തെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. തുടർന്ന് സംസ്ഥാനങ്ങളുടെ ടാബ്ലോകളും മാർച്ച് പാസ്റ്റും അരങ്ങേറും.
സംസ്ഥാനത്തും റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ഉയര്‍ത്തും. രാവിലെ ഒമ്ബതിന് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. മുഖ്യമന്ത്രി ചടങ്ങില്‍ എത്താനാണ് സാധ്യത.
സായുധ സേനാ വിഭാഗങ്ങള്‍, പോലീസ്, അർധസൈനിക വിഭാഗങ്ങള്‍, അശ്വാരൂഢ പോലീസ്, എൻസിസി, സ്കൗട്ട്സ് എന്നിവർ അഭിവാദ്യം അർപ്പിക്കും. തുടർന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. വിദ്യാർഥികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിക്കും.
നിയമസഭയില്‍ രാവിലെ 9.30ന് സ്പീക്കർ എ.എൻ. ഷംസീർ പതാക ഉയർത്തും. ജില്ലകളില്‍ മന്ത്രിമാർ പതാക ഉയർത്തും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനില്‍ ഗവർണർ ഒരുക്കുന്ന അറ്റ് ഹോം വിരുന്ന് വൈകുന്നേരം ആറിന് നടക്കും.
ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലും ഓഫീസുകള്‍, വിദ്യാലയങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും രാവിലെ ഒമ്ബതിനോ അതിനു ശേഷമോ പതാക ഉയർത്താം.
പ്ലാസ്റ്റിക് നിർമിത ദേശീയ പതാകളുടെ നിർമാണവും വിതരണവും വില്പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കണം.