ഡൽഹി : ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ഏത് പാർട്ടിക്കും ഗുണം ചെയ്യുമെന്ന് മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ സർക്കാർ നിയോഗിച്ച ഉന്നതതല സമിതിയുടെ മേധാവിയാണ് രാം നാഥ് കോവിന്ദ്. എല്ലാ ദേശീയ പാർട്ടികളുമായും സംസാരിച്ചെന്നും ഒരേസമയം തെരഞ്ഞെടുപ്പ് എന്ന ആശയത്തെക്കുറിച്ച് അവരുടെ നിർദേശങ്ങൾ തേടിയതായും ഉത്തർപ്രദേശിലെ റായ്ബറേലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കോവിന്ദ് പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരേപോലെ ഈ ആശയത്തെ പിന്തുണച്ചതായും അദ്ദേഹം പറഞ്ഞു.
“ഇന്ത്യ ഗവൺമെന്റ് ഒരു ഉന്നതതല സമിതി രൂപീകരിക്കുകയും അതിന്റെ ചെയർമാനായി എന്നെ നിയമിക്കുകയും ചെയ്തു. ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ വീണ്ടും നടപ്പിലാക്കുന്നത് സംബന്ധിച്ച് സമിതിയിലെ അംഗങ്ങൾ ജനങ്ങളുമായി ചേർന്ന് സർക്കാരിന് നിർദ്ദേശങ്ങൾ നൽകും. ദേശീയമായി രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ഞാൻ ആശയവിനിമയം നടത്തുകയും അവരുടെ നിർദ്ദേശങ്ങൾ തേടുകയും ചെയ്തിട്ടുണ്ട്,”-അദ്ദേഹം പറഞ്ഞു.