ന്യൂഡല്‍ഹി: ലോക്സഭയില്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച രണ്ട് പ്രതിപക്ഷ എംപിമാരെക്കൂടി സസ്പെൻഡ് ചെയ്ത് സ്പീക്കര്‍.കേരളത്തില്‍ നിന്നുള്ള എ.എം. ആരിഫിനെയും തോമസ് ചാഴികാടനെയുമാണ് സസ്പെൻഡ് ചെയ്തത്.
സ്പീക്കറുടെ ചേംബറില്‍ കയറിയും ഡെസ്കില്‍ കയറി ഇരുന്നും പ്രതിഷേധിച്ച ഇരുവരും കടലാസുകള്‍ കീറിയെറിഞ്ഞു. പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിച്ചതിനു പിന്നാലെ ഇരുവരെയും സസ്പെൻഡ് ചെയ്യുകയായിരുന്നു. രണ്ടുപേര്‍ക്കും സമ്മേളനത്തിന്റെ ബാക്കി കാലത്തേക്കാണ് സസ്പെൻഷൻ.
ഇതോടെ ഇരുസഭകളിലുമായി സസ്പെൻഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 143 ആയി. ലോക്സഭയില്‍ മാത്രം 142 പ്രതിപക്ഷ എംപിമാരില്‍ 97 പേരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ഇരുപതില്‍ 18 എംപിമാരും സസ്പെൻഷനിലായി. ഇനി കേരളത്തില്‍ നിന്ന് ലോക്സഭയില്‍ രാഹുല്‍ ഗാന്ധിയും എം.കെ. രാഘവനും മാത്രമാണ് ബാക്കിയുള്ളത്.