ന്യൂഡല്‍ഹി: കേരളത്തിനുള്ള അധിക കടമെടുപ്പില്‍ സമവായമായില്ല. കേരളത്തിന് സാമ്ബത്തിക പ്രതിസന്ധി മറികടക്കാൻ 5,000 കോടി നല്‍കാമെന്ന കേന്ദ്രസർക്കാരിന്റെ ഫോർമുല കേരളം തള്ളി.
10,000 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇതോടെ ഇടക്കാല ഉത്തരവിന് വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.
ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് കെ.വി. വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. വായ്പാപരിധിയില്‍ ഇളവ് അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നു രാവിലെ 10.30 ന് നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.
സുപ്രീം കോടതിയില്‍ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും അഭിഭാഷകർ തമ്മില്‍ വലിയ വാദപ്രതിവാദമാണു നടന്നത്. കേരളത്തിന് 5,000 കോടി ഈ മാസം നല്‍കാമെന്നും അടുത്ത സാമ്ബത്തിക വര്‍ഷത്തെ ആദ്യത്തെ ഒമ്ബതു മാസത്തെ വായ്പാപരിധിയില്‍ നിന്നും ഈ തുക കുറവു വരുത്തുമെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വെങ്കിട്ടരാമന് കോടതിയെ അറിയിച്ചു. സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളം വഴി കണ്ടെത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
മറ്റു സംസ്ഥാനങ്ങള്‍ക്കൊന്നും നല്‍കാത്ത ഇളവുകളാണു കേരളത്തിനു നല്‍കുന്നതെന്നും സുപ്രീം കോടതി പറഞ്ഞതു കൊണ്ടാണ് ഇതു സമ്മതിക്കുന്നതെന്നും കേന്ദ്രം ഓർമിപ്പിച്ചു. എന്നാല്‍ 5,000 കോടി ഒന്നുമാകില്ലെന്നും 10,000 കോടി രൂപ ഉടൻ നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു. വായ്പയെടുക്കാനുള്ള കേരളത്തിന്റെ അവകാശം ഹനിക്കുന്നതാണ് കേന്ദ്ര നിലപാടെന്നും സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു.