ഡല്‍ഹി : ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന് അജയ് ആരംഭിച്ചു. ഇസ്രയേലില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി 230 ഇന്ത്യക്കാരുമായി ആദ്യ വിമാനം നാളെ പുലര്‍ച്ചെ എത്തും. ഭൂരിഭാഗം പേരും വിദ്യാര്‍ഥികളാണ്.ടെല്‍ അവീവില്‍ നിന്ന് പ്രത്യേക വിമാനം അര്‍ദ്ധരാത്രിയോടെ ഇന്ത്യയിലേയ്ക്ക് തിരിക്കും. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് ഒരുക്കങ്ങള്‍ വിലയിരുത്തി. ഈജിപ്ത്, ജോര്‍ദാന്‍, സിറിയ തുടങ്ങിയ അയല്‍രാജ്യങ്ങളിലെ ഇന്ത്യയുടെ സ്ഥാനപതികാര്യാലയവും രക്ഷാദൗത്യത്തില്‍ പങ്കാളികളാണ്. 18,000 ത്തോളം ഇന്ത്യക്കാര്‍ ഇസ്രയേലിലുണ്ട്. നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരും. ആവശ്യമെങ്കില്‍ വ്യോമസേന വിമാനങ്ങളും ഉപയോഗിക്കും.
ഗാസയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും ഇവരുടെ രക്ഷാദൗത്യം ശ്രമകരമാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. പലസ്തീന്റെ പരമാധികാരം അംഗീകരിക്കുന്ന നയത്തില്‍ മാറ്റമില്ലെന്നും എന്നാല്‍ ഹമാസ് നടത്തിയത് ഭീകരാക്രമണ മാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ പരുക്കേറ്റ മലയാളി ഷീജയുമായി വിദേശകാര്യമന്ത്രാലയം ആശയവിനിമയം നടത്തി. കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റിട്ടില്ല. ഇസ്രയേലില്‍ നടന്നത് ഭീകരാക്രമണമാണെന്ന് വ്യക്തമാക്കിയ വിദേശകാര്യമന്ത്രാലയ വക്താവ് .എന്നാല്‍, ഹമാസ് ഭീകരസംഘടനയാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയില്ല. ഇസ്രയേല്‍, പലസ്തീന് വിഷയത്തില്‍ ഇന്ത്യയുടെ മുന്‍നിലപാടില്‍ മാറ്റമില്ല. ചര്‍ച്ചകളിലൂടെ പ്രശ്ന പരിഹാരം കാണണം.
മറ്റു രാജ്യങ്ങളുമായി ഇന്ത്യ ആശയവിനിമയം നടത്തുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇസ്രയേലില്‍ നിന്ന് മടങ്ങിയെത്തുന്ന മലയാളികള്‍ക്കായി ഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു.