ഡൽഹി : മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലയാളികൾ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ദിവസങ്ങൾക്ക് ശേഷം, പിതാവ് എം കെ വിശ്വനാഥൻ (82) യാത്രയായി. നീതിതേടിയുള്ള നെട്ടോട്ടത്തിനൊടുവിൽ മകളുടെ കൊലയാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്ത ശേഷമാണ് ആ അച്ഛൻ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് വിശ്വനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിനഞ്ച് വർഷമായി നടത്തിയ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് മകളുടെ കൊലയാളികൾക്ക് ശിക്ഷ ലഭിച്ചത്.
തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) നിന്നാണ് അദ്ദേഹം ശിക്ഷാവിധി കണ്ടത്. അദ്ദേഹത്തിന് ക്ഷീണമുണ്ടെന്നും എന്നാൽ ശിക്ഷാവിധി കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും കുടുംബം കോടതിയെ അറിയിച്ചിരുന്നു. കൊലപാതകത്തിന് 15 വർഷത്തിന് ശേഷമാണ് ശിക്ഷാവിധി വന്നത്. രവി കപൂർ, അമിത് ശുക്ല, അജയ് കുമാർ, ബൽജീത് മാലിക് എന്നിവരെയാണ് ഡൽഹി സാകേത് സെഷൻസ് കോടതി ശിക്ഷിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമായി കാണാനാകില്ലെന്നും അതിനാൽ വധശിക്ഷ നൽകാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. പത്രപ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥൻ 2008 സെപ്തംബർ 30ന് പുലർച്ചെ തെക്കൻ ഡൽഹിയിലെ നെൽസൺ മണ്ടേല മാർഗിൽ വെച്ചാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ വെടിയേറ്റ് മരിക്കുകയായിരുന്നു.
ഒക്ടോബർ 18ന്, കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ആദ്യ നാല് പ്രതികൾക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരുന്നത്. ശിക്ഷ വിധിക്കും മുമ്പ് പ്രതികളുടെ പശ്ചാത്തലവും ജയിലിലെ പെരുമാറ്റവും ഉൾപ്പെടെ വ്യക്തമാക്കുന്ന പ്രീ സെന്റൻസ് റിപ്പോർട്ട് (പിഎസ്ആർ) സമർപ്പിക്കാനും കോടതി നിർദേശം നൽകിയിരുന്നു