ന്യൂഡൽഹി: കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ സഭാ നടപടികളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. അധിര്‍ രഞ്ജന്‍ ചൗധരിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് പ്രഹ്ളാദ് ജോഷി അവതരിപ്പിച്ച പ്രമേയം ലോക്സഭ ശബ്ദ വോട്ടോടെ അംഗീകരിക്കുകയായിരുന്നു. തുടച്ചയായി സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് അധിര്‍ രഞ്ജന്‍ ചൗധരിയെ സസ്പെന്‍ഡ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ അധിര്‍ രഞ്ജന്‍ ചൗധരിയുടെ സസ്പെന്ഷന് നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘സഭയെയും സ്പീക്കറെയും അധികാരത്തെയും അവഗണിച്ചുകൊണ്ട് അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയ ഗുരുതരവും ആസൂത്രിതവും ആവര്‍ത്തിച്ചുള്ളതുമായ മോശം പെരുമാറ്റം ഈ സഭ ഗൗരവമായി എടുത്തിട്ടുണ്ട്. അധിര്‍ രഞ്ജന്‍ ചൗധരിയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിഷയം പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണം. കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ അധിര്‍ രഞ്ജന്‍ ചൗധരിയെ സഭയുടെ സേവനത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണം;’ എന്നായിരുന്നു പ്രഹ്ളാദ് ജോഷി പ്രമേയത്തില്‍ ആവശ്യപ്പെട്ടത്.
ശബ്ദവോട്ടോടെയായിരുന്നു പ്രഹ്ളാദ് ജോഷിയുടെ പ്രമേയം അംഗീകരിച്ചത്. അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ മൂന്നാം ദിവസം പ്രധാനമന്ത്രിക്കെതിരെ അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയ പരാമര്‍ശങ്ങള്‍ ബിജെപി അംഗങ്ങളെ ചൊടിപ്പിച്ചിരുന്നു. ബിജെപി അംഗങ്ങള്‍ ഈ പരാമര്‍ശങ്ങളെ ശക്തമായി എതിര്‍ത്തിരുന്നു. അധിര്‍ രഞ്ജന്‍ ചൗധരി മാപ്പ് പറയണമെന്ന പോയിന്റ് ഓഫ് ഓര്‍ഡറും സഭയില്‍ പ്രഹ്ളാദ് ജോഷി ഉയര്‍ത്തിയിരുന്നു.
‘നീരവ് മോദി’ എന്ന കമന്റ് സഭയില്‍ നടത്തിയതാണ് അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ ബിജെപി രംഗത്ത് വരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദി മണിപ്പൂര്‍ വിഷയത്തില്‍ ‘നീരവ്’ ആണെന്നാണ് താന്‍ പറഞ്ഞതെന്നാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ വാദം. നീരവ് എന്നാല്‍ ശുദ്ധമായ ഹിന്ദിയില്‍ നിശബ്ദന്‍ എന്നാണ്. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചെങ്കില് എനിക്കൊന്നും ചെയ്യാനാവില്ല. എന്റെ ഭാഗത്ത് തെറ്റില്ല’; അധിർ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.