ഡല്‍ഹി : ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഡിസംബർ 11ന് സുപ്രീം കോടതി നിർണ്ണായക വിധി പറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിലാണ് വിധി. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ആരംഭിച്ച 16 ദിവസം നീണ്ട വാദം കേൾക്കലിനു ശേഷം സെപ്തംബർ അഞ്ചിന് ബെഞ്ച് ഈ വിഷയത്തിൽ ഉത്തരവ് മാറ്റി വെച്ചിരുന്നു .
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 എ എന്നിവ റദ്ദാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ തീരുമാനമെടുത്ത സംഭവത്തെയാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടുന്നത്. 2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു കേന്ദ്രസർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്. ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 എയുമായി സംയോജിപ്പിച്ച്, ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകി വരികയായിരുന്നു. മറ്റു സംസ്ഥാനങ്ങളുമായുള്ള നിയമപരമായ വ്യത്യാസങ്ങൾക്കിടയിൽ പ്രത്യേക ഭരണഘടനയും പ്രത്യേക ശിക്ഷാ നിയമവും ജമ്മു കാശ്മീരിന് അനുവദിക്കുകയും ചെയ്തിരുന്നു.