ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. കൊളീജിയം ശിപാര്‍ശ ചെയ്യുന്ന പേരുകളില്‍ നിന്നു ചിലരെ മാത്രം കേന്ദ്രം ജഡ്ജിമാരായി നിയമിക്കുന്ന രീതിക്കെതിരെ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി.
ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രം തീരുമാനമെടുക്കാൻ വൈകുന്നതിലും ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗള്‍, സുധാൻഷു ദുലിയ എന്നിവരുടെ ബെഞ്ച് ആശങ്ക രേഖപ്പെടുത്തി.
ജഡ്ജിമാരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കു കൊളീജിയം ശിപാര്‍ശ ചെയ്ത പേരുകളില്‍ അനുമതി നല്കുന്നതില് കേന്ദ്രസര്‍ക്കാര്‍ കാലതാമസം വരുത്തിയെന്ന ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.