ന്യൂഡല്‍ഹി: ഇന്ത്യന്‍ എംബസിയുടെ ഇടപെട്ടു, ഇക്ക്വറ്റോറിയല് ഗിനിയില്‍ തടവിലാക്കപ്പെട്ട മലയാളികളടക്കമുളള കപ്പല്‍ ജീവനക്കാര്‍ക്ക് ഒടുവില്‍ കുടിവെളളവും ഭക്ഷണവും എത്തിച്ച് നല്കി. തടവിലാക്കപ്പെട്ട് പത്ത് മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഇന്ത്യന്‍ എംബസി അധികൃതര്‍ എത്തിച്ച ഭക്ഷണം ഗിനി നേവി കൈമാറിയത്. എത്രയും വേഗം മോചനം വേണമെന്നും തങ്ങളുടെ പാസ്പോര്‍ട്ട് ഗിനിയന്‍ സേന പിടിച്ചെടുത്തതായും പറയുന്ന ജീവനക്കാരുടെ പുതിയ വീഡിയോ സന്ദേശവും പുറത്തുവന്നു
അതേസമയം കപ്പലിലുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 26 പേരെയും മോചിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാന മന്ത്രിക്ക് കത്തയച്ചു. കപ്പല്‍ ജീവനക്കാരുടെ ജീവന് അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. സുരക്ഷിതമല്ലാതെ, തടവില്‍ തുടരുന്നത് കപ്പല്‍ ജീവനക്കാരുടെ മാനസ്സിക-ശാരീരിക നിലയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിക്കുന്നു.
ഇന്ത്യക്കാരായ പതിനഞ്ച് കപ്പല്‍ ജീവനക്കാരെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഗിനി മലാഗോ ദ്വീപിലെത്തിച്ച് തടവില്‍ വച്ചത്. ഹോട്ടലില്‍ എത്തിക്കാമെന്ന് പറഞ്ഞായിരുന്നു ഇവരെ തടങ്കലിലാക്കിയത്. ഇന്നലെ ഇക്ക്വറ്റോറിയല് ഗിനി നേവി അറസ്റ്റ് ചെയ്ത സനു ജോസിനെ തിരികെ കപ്പലില്‍ എത്തിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന വിജിത്ത് ഉള്‍പ്പെടെയുള്ള 15 ഇന്ത്യക്കാരെ മലാവോയിലെ ജയിലിലേക്ക് മാറ്റി. തങ്ങള്‍ സുരക്ഷിതരല്ലെന്നും ഗിനി നാവിക സേന തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് മലവൊയിലെ ജയിലിലേക്ക് മാറ്റിയതെന്ന് തടവിലാക്കപ്പെട്ട വിജിത്ത് പറഞ്ഞു. ജീവനക്കാര്‍ തടവിലായ ഓഗസ്റ്റ് മുതല്‍ മോചനത്തിനായി നിരന്തരം ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഗിനിയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.