കോല്‍ക്കത്ത: റേഷന്‍ അഴിമതി കേസില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് തേടി ബംഗാള്‍ ഗവര്‍ണര്‍. സംസ്ഥാന പോലീസ് മേധാവിയോടാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയത്.റേഷന്‍ അഴിമതി കേസില്‍ ഇഡി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന് ഷെയ്ക്കിനെ അറസ്റ്റ് ചെയ്യാത്തതില്‍ വിശദീകരണം നല്‍കണമെന്നും ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തുണ്ടായ ക്രമസമാധാന തകര്‍ച്ചയ്ക്ക് ഉത്തരവാദികളായവരെ കണ്ടെത്തി നടപടി സ്വീകരിക്കാനും ഗവര്‍ണര്‍ നിര്‍ദേശം നല്കി.
ഷാജഹാന് ഷെയ്ക്കിന് ഭീകരവാദ ബന്ധമുണ്ടെന്ന് പരാതിയുണ്ടെന്നും ഇയാള്‍ രാജ്യം വിട്ടെന്ന് സൂചനയുണ്ടെന്നും ഗവര്‍ണര്‍ ഞായറാഴ്ച ഡിജിപിയെ അറിയിച്ചിരുന്നു. ഷെയ്ക്കിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയത്.
റേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് ഷെയ്ക്കിന്റെ വസതിയില്‍ റെയ്ഡിന് പോയപ്പോഴാണ് നേരത്തേ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരേ ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. റെയ്ഡിന് പിന്നാലെ ഇയാളുടെ കുടുംബം നല്കിയ പരാതിയില്‍ ഇഡി ഉദ്യോഗസ്ഥര്ക്കെതിരേ ബംഗാള്‍ പോലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു, വീട്ടില്‍ അതിക്രമിച്ചുകയറി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.