ന്യൂഡല്‍ഹി: സൊമാലിയൻ തീരത്ത് അറബിക്കടലില്‍ കപ്പല്‍ റാഞ്ചിയവരെ നേരിട്ട് ഇന്ത്യന്‍ നാവികസേന. ലൈബീരിയന്‍ പതാകയുള്ള ചരക്ക് കപ്പലാണ് റാഞ്ചിയത്.
വ്യാഴാഴ്ച വൈകിട്ടാണ് അഞ്ച് പേര് എത്തി കപ്പല്‍ റാഞ്ചിയതായി നാവികസേനയ്ക്ക് സന്ദേശം ലഭിച്ചത്.
പ്രതിരോധ നടപടികള്‍ തുടങ്ങിയതായി നാവികസേന അറിയിച്ചു. നാവികസേനയുടെ വിമാനം കപ്പലിന് ചുറ്റും പറന്ന് നിരീക്ഷണം തുടരുകയാണ്. യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ വൈകാതെ ചരക്ക് കപ്പലിന് സമീപത്തെത്തും.
കപ്പലില്‍ 15 ഇന്ത്യക്കാരാണുള്ളത്. കപ്പലിലെ ജീവനക്കാരുടെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും സേന വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ചെങ്കടലിലും അറബിക്കടലിലും കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം പതിവായതോടെയാണ് ഈ മേഖലയില്‍ നാവികസേന നിരീക്ഷണം ശക്തമാക്കിയത്.
നേരത്തേ രണ്ട് ചരക്ക് കപ്പലുകള്‍ക്ക് നേരേ ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു.