ന്യൂയോര്‍ക്ക്: അമേരിക്കയിലെ മയാമിയില്‍ 12 നിലയുള്ള കെട്ടിടം തകര്‍ന്ന് വീണു. മൂന്ന് പേര് അപകടത്തില്‍ മരിച്ചതായാണ് പ്രാഥമിക വിവരം. കെട്ടിടത്തിൽ ഉണ്ടായിരുന്ന 99 ഓളം പേരെ കാണാനില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സര്‍ഫ് സൈഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടമാണ് ഇന്നലെ തകർന്ന് വീണത്.
അപകടത്തിൽ 102 പേരെ ഇതുവരെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. രക്ഷപെട്ടവരിൽ പത്തോളം പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അപകടം നടക്കുന്ന സമയം എത്രപേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ലാ എന്ന് പൊലീസ് പറഞ്ഞു. 130ഓളം അപ്പാര്‍ട്ട്മെന്റുകള്‍ ആണ് ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നത്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിന് കേടുപാടികള്‍ ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനത്തിന് സഹായം ലഭ്യമാക്കാന്‍ പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 1980ല്‍ നിര്‍മ്മിച്ച കെട്ടിടമാണ് തകര്‍ന്ന് വീണിരിക്കുന്നത്. ഇവിടെ കഴിഞ്ഞിരുന്ന ലാറ്റിനമേരിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ പലരേയും കാണാനില്ലെന്ന് അവരുടെ കോണ്‍സുലേറ്റുകള്‍ അറിയിച്ചു. എന്ത് സഹായവും ലഭ്യമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.