തിരുവനതപുരം: കവിയും ചലച്ചിത്രഗാന രചയിതാവുമായ പൂവച്ചല്‍ ഖാദര്‍ (73) അന്തരിച്ചു. കൊവിഡ് ബാധിച്ചു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടർന്ന് ന്യൂമോണിയയും ബാധിച്ചതോടെ നില ഗുരുതരമാകുകയായിരുന്നു. പുലര്‍ച്ചെ 12.15ഓടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
1948 ഡിസംബര്‍ 25 ന് തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് അബൂക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയ ബീവിയുടെയും മകനായി മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദറിൻ്റെ ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ വലപ്പാട് പോളിടെക്നിക്കില്‍നിന്ന് എന്‍ജിനീയറിംഗ് ഡിപ്ലോമ നേടി. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് എ.എം.ഐ.ഇയും പാസായി.
1973ലാണ് പൂവച്ചല്‍ ഖാദര്‍ മലയാള ചലച്ചിത്ര ഗാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. കവിത എന്ന സിനിമയിലൂടെ ആയിരുന്നു തുടക്കം. കാറ്റുവിതച്ചവന്‍ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. തുടര്‍ന്ന് തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പൂവച്ചല്‍ ഖാദര്‍ മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ജീവനുള്ള പാട്ടുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്,
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ (ചാമരം), ഏതോ ജന്മ കല്പനയില് (പാളങ്ങള്‍), അനുരാഗിണി ഇതായെന്‍ (ഒരു കുടക്കീഴില്), ശരറാന്തല്‍ തിരിതാഴും (കായലും കയറും) തുടങ്ങിയവയടക്കം എക്കാലത്തും മലയാളികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന പാട്ടുകളാണ് അദ്ദേഹം സമ്മാനിച്ചത്. തിരുവനന്തപുരം പൂവച്ചല്‍ കുഴിയംകൊണം ജമാഅത്ത് പള്ളിയില്‍ ഇന്ന് വൈകിട്ടോടെ സംസ്കാരം നടക്കും. അമീന ആണ് ഭാര്യ, തുഷാര, പ്രസൂന എന്നിവരാണ് മക്കൾ.