കൊച്ചി: പറവൂരില്‍ മകനെ സ്വകാര്യ ബസ് ജീവനക്കാരന് ആക്രമിക്കുന്നത് കണ്ട് അച്ഛന് കുഴഞ്ഞ് വീണ് മരിച്ചു. ഫോര്‍ട്ട്കൊച്ചി ചുള്ളിക്കല്‍ കരിവേലിപ്പടി കിഴക്കേപറമ്പില്‍ ഫസലുദ്ദീനാണ് (54) മരിച്ചത്. ഇന്നലെ രാത്രി 7.45നു പറവൂര്‍ കണ്ണന്‍കുളങ്ങര ഭാഗത്തായിരുന്നു സംഭവം.
വാഹനത്തിന് സൈഡ് നല്‍കുന്നത് സംബന്ധിച്ചാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഫസലുദ്ദീന്റെ മകന് ഫര്‍ഹാനാണ് (20) കാര്‍ ഓടിച്ചത്. അമിത വേഗത്തിലായിരുന്ന കോഴിക്കോട്- വൈറ്റില റൂട്ടിലോടുന്ന ‘നര്‍മദ’ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ കണ്ണാടിയില്‍ മുട്ടിയെന്നാണ് ഫര്‍ഹാന്റെ മൊഴി. ഇത് ചോദ്യം ചെയ്തപ്പോഴാണ് ബസ് ജീവനക്കാര്‍ ആക്രമിക്കാനെത്തിയതെന്നാണ് ഫര്ഹാന് പറയുന്നു. ബസ് നിര്‍ത്താതെ പോയതോടെ ഫര്ഹാന് ബസിനു മുന്പില് കാര്‍ കൊണ്ടുവന്നിട്ടു ബസ് തടഞ്ഞു ചോദ്യം ചെയ്തു. തര്‍ക്കത്തിനിടെ സ്വകാര്യ ബസ് ജീവനക്കാരന് വാഹനത്തില്‍ നിന്നും കത്തിയെടുത്തു ഫര്‍ഹാനെ കുത്തി. ഇത് തടഞ്ഞ ഫര്‍ഹാന്റെ കൈ കത്തി തട്ടി മുറിഞ്ഞു. ഇതു കണ്ടാണ് കാറിലുണ്ടായിരുന്ന ഫസലുദ്ദീന്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ഫസലുദ്ദീനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്വകാര്യ ബസ് ജീവനക്കാര്‍ വാഹനമെടുത്ത് കടന്നുകളഞ്ഞു. ബസ് ജീവനക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബസ് പിടികൂടാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ കേസെടുത്തുവെന്നും പൊലീസ് അറിയിച്ചു.