ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ മൃതദേഹം പൊങ്ങി.റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ് ജോയിയെ കാണാതായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെയാണ് തെരച്ചിൽ നടത്തിയിരുന്നത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. 48 മണിക്കൂർ നീണ്ട തെരച്ചിലിനിടെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി ആംബുലൻസിലേക്ക് മാറ്റി. കനാലിൽ ശുചീകരണത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുളള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്.മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ശ്രീചിത്രാ ഹോമിന് പുറകിലാണ് മൃതദേഹം കണ്ടത്. ആമയിഴഞ്ചാൻ തോട് ഒഴുകുന്നത് ഇതുവഴിയാണ്. തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് കാണാതായ ജോയ്.