GALWANന്യൂഡല്‍ഹി: ഗാല്വന താഴ്വരയില് കഴിഞ്ഞ വര്‍ഷ നടന്ന സംഘര്‍ഷത്തില്‍ കേന്ദ്ര സർക്കാരിനെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. 20 ഇന്ത്യന്‍ സൈനികര്‍ ആണ് ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചത്. സംഭവത്തില്‍ ഇനിയും വ്യക്തത ലഭിച്ചിട്ടില്ലെന്ന് സോണിയ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15-നാണ് ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില് സംഘര്‍ഷം നടന്നത്.
ഇതിന് മുന്‍പ് ഒരിക്കലും ഉണ്ടാകാത്ത വിധമുള്ള സംഘര്‍ഷത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് വ്യക്തത ലഭിച്ചിട്ടില്ല, അതിനുള്ള ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ക്ഷമയോടെ താൻ കാത്തിരിക്കുകയായിരുന്നു എന്ന് സോണിയ പറഞ്ഞു. ഇന്ത്യയുടെ ധീര ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കടന്നുകയറ്റം നടന്നിട്ടില്ലെന്ന തരത്തില്‍ പ്രധാനമന്ത്രി ഒരും വര്‍ഷം മുൻപ്പറഞ്ഞതില്പ്പോലും ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് പല തവണ സംഭവത്തിൻ്റെ വിശദാംശങ്ങള്‍ നല്കണമെന്ന്ആവശ്യപ്പെട്ടതാണ്. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ തല്‍സ്ഥിതി പുനഃസ്ഥാപിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും കോണ്‍ഗ്രസ് ആരാഞ്ഞിരുന്നു. ഇനിയെങ്കിലും ഇക്കാര്യത്തില്‍ രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് സോണിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.