തിരുവനന്തപുരം: തിരുവനന്തപുരം പെരിങ്ങമല പുല്ലാമുക്കില്‍ ഒരു കുടുംബത്തിലെ നാല് പേര് വിഷംകഴിച്ച നിലയില്‍. അച്ഛനും മകളും മരിച്ചു. അമ്മയേയും മകനേയും ഗുരുതാരവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലിങ്കുടിയില്‍ അഭിരാമ ജൂവലറി നടത്തുന്ന ശിവരാജന് (56), മകള്‍ അഭിരാമി (22) എന്നിവരാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന പ്രായമായ ശിവരാജന്റെ അമ്മ രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. മകനെ വിളിച്ചപ്പോള്‍ എഴുന്നേറ്റില്ല. തുടര്‍ന്ന് കൊച്ചുമകന് അര്‍ജുനെ
വിളിച്ചു. ശാരീരിക അസ്വസ്ഥകളോടെ പുറത്തുവന്ന അര്‍ജുനാണ് വിഴിഞ്ഞം പോലീസില്‍ വിളിച്ച് തങ്ങള്‍ വിഷം കഴിച്ച വിവരം അറിയിച്ചത്. പോലീസെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയപ്പോഴേക്കും ശിവരാജന്റേയും അഭിരാമിയുടേയും മരണം സ്ഥിരീകരിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി ഭക്ഷണത്തോടൊപ്പം ശിവരാജനും കുടുംബവും വിഷം കഴിച്ചുവെന്നാണ് നിഗമനം. ശിവരാജന്റെ ഭാര്യ ബിന്ദു ഇതുവരെ അപകടനില തരണംചെയ്തിട്ടില്ല. മകന് അര്ജുന് സംസാരിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. കെ.എസ്.എഫ്.ഇയില്‍ നിന്നുള്‍പ്പടെ ഇവര്‍ വായ്പ എടുത്തിരുന്നതായും അതിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. മരണത്തിന് പിന്നില്‍ മറ്റു കാരണങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Content Highlights: A family of four was poisoned- father and daughter died