ബെംഗളൂരു: യാത്രാക്കൂലി സംബന്ധിച്ച തര്‍ക്കത്തേതുടര്‍ന്ന് യാത്രക്കാരനെ കുത്തിക്കൊലപ്പെടുത്തി ഓട്ടോ ഡ്രൈവര്‍. ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ രണ്ട് യുവാക്കളായിരുന്നു ഓട്ടോയില്‍ യാത്ര ചെയ്തത്. യാത്രാ നിരക്കിനെ ചൊല്ലി തര്‍ക്കം രൂക്ഷമായതിന് പിന്നാലെ യാത്രക്കാര്‍ ഇരുവരെയും ഡ്രൈവര്‍ ആക്രമിക്കുകയായിരുന്നു.
ബെംഗളൂരുവിലെ മജെസ്റ്റിക്കില്‍ നിന്ന് യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കാണ് യുവാക്കള്‍ യാത്ര ചെയ്തത്. ലക്ഷ്യസ്ഥലത്ത് എത്തിയതിന് പിന്നാലെ യാത്രാക്കൂലി സംബന്ധിച്ച് തര്‍ക്കമായി. പ്രകോപിതനായ ഡ്രൈവര്‍ സഹോദരങ്ങളെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് യാത്രക്കാരില്‍ ഒരാള്‍ മരിച്ചത്. പരിക്കേറ്റയാള്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പല കേസുകളിലും നേരത്തെ പ്രതിയായിട്ടുള്ളയാളാണ് ഡ്രൈവറെന്ന് പോലീസ് അറിയിച്ചു.