കോട്ടയം: പാലാ പൊതു ശ്മശാനം വാതകത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നഗരസഭ അനുമതി ലഭിച്ചു. ഏറെ നാളായി ഇതിനായുള്ള അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. വാതകത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി കേന്ദ്രത്തില്‍ നിന്നു ലഭിച്ച ഒന്നരക്കോടിയോളം രൂപയില്‍ 25 ലക്ഷം ഇതിനായി എടുക്കും. കൊവിഡ് സാഹചര്യത്തില്‍ വിവിധ പഞ്ചായത്തില്‍ നിന്നും, സമീപ പ്രദേശങ്ങളില്‍ നിന്നും സംസ്കരിക്കുന്നതിനായി പാലാ പൊതു ശ്മശാനത്തിലെത്തുന്ന മൃതദേഹങ്ങളില്‍ കാര്യമായ വര്ദ്ധനവുള്ളതിനാലാണ്, നഗരസഭ ഭരണസമിതി ഈ തീരുമാനം എടുത്തതെന്ന് ചെയര്മാന് അറിയിച്ചു.
ഇത് സംബന്ധിച്ച് നഗരസഭ തയ്യാറാക്കിയ 25 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. നിലവിലുള്ള അവസ്ഥയില്‍ ഒരു ദിവസം പരമാവധി 2 മൃതദേഹങ്ങള്‍ മാത്രമാണ് ഇവിടെ സംസ്കരിക്കാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ മൃതദേഹങ്ങള്‍ പലതും മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്. പുതിയ അനുമതി കിട്ടിയതോടെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.