മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന് (87) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1990 ഇല് ഇന്ത്യയുടെ പത്താമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി.
പാലക്കാട് ജില്ലയില്‍ തിരുനെല്ലായിയിലുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണു ശേഷന് ജനിച്ചത്. ശേഷന്റെ പിതാവ് ഒരു അദ്ധ്യാപകനും വക്കീലുമായിരുന്നു. രണ്ടു സഹോദരന്മാരും നാലു സഹോദരിമാരും അടങ്ങുന്ന കുടുംബമായിരുന്നു ശേഷന്റേത്. ശേഷന് ബാസല്‍ ഇവാഞ്ചലിക്കല്‍ വിദ്യാലയത്തില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മദ്രാസ് ക്രിസ്ത്യന്‍ കോളെജില്‍നിന്നു ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും (ബി.എസ്.ഓണേഴ്സ്) കരസ്ഥമാക്കി.
ക്രിസ്ത്യന്‍ കോളെജില്‍ തന്നെ അദ്ധ്യാപകനായി ചേര്‍ന്ന ശേഷന് മൂന്നു വര്‍ഷം പഠിപ്പിച്ചതിനുശേഷം 1953 ഇല് പോലീസ് സര്‍വീസ് പരീക്ഷ എഴുതി പാസായി. 1954 ഇല് അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വീസ് പരീക്ഷയും പാസായി. 1955 ഇല് അദ്ദേഹം ഒരു ഐ.എ.എസ്. ട്രെയിനി ആയി ചേര്‍ന്നു.