കാസര്‍കോട്; നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ കാവിലെ വെടിക്കെട്ട് ദുരന്തത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മംഗളൂരു എജെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രജിത്ത് (28) ആണ് മരിച്ചത്. കാസര്‍കോട് കിണാവൂര്‍ സ്വദേശിയായ രഞ്ജിത്ത് കെഎസ്ഇബിയില്‍ ഡ്രൈവറായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
രജിത്തിന്റെ സുഹൃത്തുക്കളായ ബിജു, രതീഷ്, സന്ദീപ് എന്നിവരും മരണപ്പെട്ടിരുന്നു. ഇവര്‍ ഒരുമിച്ചാണ് തെയ്യംകെട്ടിന് പോയത്. ഇവര്‍ക്ക് പുറമെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തുരുത്തി ഓര്‍ക്കളത്തെ ശാബിന് രാജും (19) മരിച്ചു. കിണാവൂരിലെ മുണ്ടോട്ട് കുഞ്ഞിരാമന്, ഉഷ ദമ്പതികളുടെ മകനാണ് മരിച്ച രജിത്ത്. ഗോപികയാണ് രജിത്തിന്റെ ഭാര്യ. ഒരു വയസുള്ള കുഞ്ഞുണ്ട്. സഹോദരന് സജിന്‍.
ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച അപകടമുണ്ടായത്. രാത്രി 12 മണിക്കാണ് അപകടം നടക്കുന്നത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു. അപകടത്തില്‍ 150-ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഉത്സവ നടത്തിപ്പുകാരുടെ അലംഭാവമാണ് അപകടത്തിന് മുഖ്യകാരണമെന്നാണ് എഫ്ഐആറിലുള്ളത്. സംഘാടകരായ ഒമ്പതുപേര്‍ക്കെതിരെ വധശ്രമകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കേസിലെ എല്ലാ പ്രതികളുടെയും ജാമ്യം ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4 ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.