കോട്ടയം മീനച്ചിലാറ്റിൽ വിദ്യാർഥിനി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷൻ അംഗം ഇ. എം. രാധയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും ഇ. എം. രാധ അറിയിച്ചു.
കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകള്‍ അഞ്ജു പി ഷാജി(20)യുടെ മൃതദേഹമാണ് മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളിയിലെ സെന്റ് ആന്റണീസ് പാരലല്‍ കോളേജില്‍ ബികോം വിദ്യാര്‍ത്ഥിനിയായിരുന്ന അഞ്ജുവിന് ചേര്‍പ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളേജിലാണ് സര്‍വകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയില്‍ കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതര്‍ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്.