ഹൈദരാബാദ്: സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെ ഇരുമ്പ് ഗേറ്റ് തകർന്ന് ദേഹത്ത് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ഹയത്നഗർ ജില്ലാ പരിഷത്ത് സ്കൂളിലാണ് വിദ്യാർത്ഥിയുടെ ജീവനെടുത്ത ദാരുണ സംഭവമുണ്ടായത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അജയ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. അജയ് ഗേറ്റിനടുത്ത് കളിക്കുമ്പോൾ പെട്ടന്ന് ഇരുമ്പ് ഗേറ്റ് തകർന്ന് വീഴുകയായിരുന്നു.
കളിക്കുന്നതിനിടെ ചില കുട്ടികൾ ഗേറ്റിൽ കയറി ആടിയതോടെയാണ് അപകടം സംഭവിച്ചതെന്നാണ് ഹയാത്നഗർ സർക്കിൾ ഇൻസ്പെക്ടർ പി. നാഗരാജു പറയുന്നത്. ഗേറ്റിൽ കയറി ചില കുട്ടികൾ ആടി, ബലക്ഷയം സംഭവിച്ച ഗേറ്റ് തകർന്ന് അജയുടെ മേൽ പതിക്കുകയായിരുന്നു. തലക്ക് ഗുരുതമായി പരിക്കേറ്റ കുട്ടിയെ ഇടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്കും ആരോഗ്യ നില വഷളായതോടെ വനസ്ഥലിപുരത്തെ സർക്കാർ ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാൽ ചികിത്സക്കിടെ കുട്ടി മരണപ്പെട്ടു-നാഗരാജു വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ കുട്ടിയുടെ രക്ഷിതാക്കളുടേയും ബന്ധുക്കളുടേയും നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി സ്കൂളിലെത്തി. കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്തം പ്രിൻസിപ്പൽ ഏറ്റെടുക്കണമെന്നും പ്രിൻസിപ്പലിനെതിരെ കേസെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കുട്ടിയിടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കുട്ടിയുടെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.