ഇംഫാല്‍:മണിപ്പൂരിൽ രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികൾ പിടിയിൽ. ചുരാചന്ദ്പൂർ ജില്ലയിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അറിയിച്ചു.
സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ഫിജാം ഹേംജിത്ത് (20), ഹിജാം ലിന്തോയിങ്കമ്പി (17) എന്നീ വിദ്യാർത്ഥികളുടെ മരണം പുറംലോകമറിഞ്ഞത്. ഇവർ കൊല്ലപ്പെടുന്നതിന് മുൻപും ശേഷവും എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അതേസമയം, കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതികൾക്ക് വധശിക്ഷ ഉൾപ്പെടെയുള്ള പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു.
കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സിബിഐ സംഘത്തെ അയച്ചതിന് ശേഷമാണ് കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടായതെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് പറയുന്നു.
“കുറച്ച് ദിവസങ്ങളായി അവർ ഇവിടെ ക്യാമ്പ് ചെയ്യുന്നു. ഇന്ത്യൻ ആർമി, അർദ്ധസൈനിക വിഭാഗം, അസം റൈഫിൾസ്, സംസ്ഥാന പോലീസ് എന്നിവയുടെ സഹായത്തോടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. ഇത് വലിയ നേട്ടമാണ്,” മുഖ്യമന്ത്രി പറഞ്ഞു.
കാണാതായ രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങളെക്കുറിച്ച് ചോദ്യത്തിന്, പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തുമെന്നായിരുന്നു ബിരേൻ സിംഗിന്റെ മറുപടി.
ജൂലൈ 6 മുതലാണ് ഈ വിദ്യാർത്ഥികളെ കാണാതായത്. പിന്നീട് സെപ്റ്റംബർ 23 ന് ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇരുവരുടയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.
വാർത്ത പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് വലിയ തോതിൽ പ്രതിഷേധങ്ങൾ പൊട്ടിപുറപ്പെട്ടിരുന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 26, 27 തീയതികളിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങി.
പ്രതിഷേധം അടിച്ചമർത്താൻ സംസ്ഥാന പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും ഉൾപ്പെടെയുള്ള സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകളും ടിയർ ഗ്യാസുകളും ഉപയോഗിച്ചതോടെ 45ലധികം പ്രതിഷേധക്കാർക്ക് പരിക്കേറ്റു.
മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ ഇംഫാല്‍ ഈസ്റ്റിലെ ഹിംഗിംഗിലെ സ്വകാര്യവസതിക്ക് നേരെയും പ്രതിഷേധം നടന്നു. വീട് ആക്രമിക്കാനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇത് ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചു.