കാസര്‍ഗോഡ് : കളിയാട്ടകാലമായി… ചൂട്ടുകറ്റ പടര്‍ന്നു കത്തും തെയ്യക്കോലങ്ങള്‍ ഉറഞ്ഞ് തുള്ളും. വടക്കന്‍ കേരളത്തിലെ കാവുകളില്‍ ചിലമ്ബൊലിയും അരമണിയും മുഴങ്ങും രാവുകളില്‍ രൗദ്രതാളത്തിന്റെ അകമ്ബടിയോടെ ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങള്‍ ഇന്ന് മുതല്‍ ഭക്തിയുടെ പഞ്ചാക്ഷരി ഉരുവിടും.തുലാംപത്ത് മുതല്‍ വടക്കന്‍മലബാറില്‍ ഇനിയുള്ള രാത്രികള്‍ ഉലര്‍ന്ന് കത്തുന്ന ചൂട്ട് കറ്റകളുടെ ചുകപ്പ് വെളിച്ചത്തില്‍ മിന്നിത്തിളങ്ങുന്ന ആടകളോടെ മഞ്ഞള്‍പ്രസാദം നല്കി അനുഗ്രഹം നല്കുന്ന തെയ്യക്കോലങ്ങളുടെ കളിയാട്ടക്കാലം.കന്നിക്കൊയ്ത്ത് കഴിഞ്ഞ് രണ്ടാം വിളയിറക്കലിന്റെ ആരംഭo കൂടിയാണ് തുലാംപത്ത്. കാര്‍ഷിക സംസ്കൃതിയുടെ നല്ല കാലത്തെ വരവേല്‍ക്കാന്‍ തറവാടുകളിലും ഗ്രാമക്ഷേത്രങ്ങളിലും തെയ്യക്കാവുകളിലും പ്രത്യേക ചടങ്ങുകള്‍ നടക്കും.
നിറതിരിയിട്ട നിലവിളക്കുകളും നിറനാഴിയും വെച്ച് അന്തിത്തിരി യന്മാരും, ആചാരക്കാരും ഉദയത്തിന് സൂര്യദേവനെ വരവേല്
ക്കും. കൃഷിസമൃദ്ധിക്കും കന്നുകാലികളുടെ ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കും. ഇടവപ്പാതിയോടെ കൊട്ടിയടക്കപ്പെട്ട കാവുകളില്‍ പത്താമുദയത്തിന് അടുത്ത തെയ്യക്കാലത്തെ വിളിച്ച് വരുത്തന്ന ചടങ്ങുകള്‍ നടക്കും.കാലിച്ചേകോന്‍ സൂര്യോദയത്തില്‍ തൊഴുത്തില്‍ അടുപ്പ് കൂട്ടി പായസമുണ്ടാക്കി വിളമ്പും.തെയ്യം നമ്മുടെ കാര്‍ഷിക സംസ്കൃതിയില്‍ ഗോമാതാവിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു. ഉര്‍വ്വരതാ ദേവതകളായ കുറത്തിയും , വയല്‍ കുറത്തിയും കുഞ്ഞാര്‍ കുറത്തിയും ഇന്ന് മുതല്‍ ഗുണം വരുത്തുമെന്ന മന്ത്രവുമോതി കെട്ടിയാടി വീടുകളിലെത്തും.
നീലേശ്വരം അഞ്ഞൂറ്റമ്ബലം വീരക്കാവിലെ കളിയാട്ടത്തോടെയാണ് വടക്കെ മലബാറിലെ തെയ്യക്കാലം തുടങ്ങുന്നത്. അരിവിതച്ച് അരയിയെ സമൃദ്ധമാക്കി കാര്‍ത്തിക ചാമുണ്ഡി അരയി പുഴ കടന്ന് ഭക്തര്‍ക്ക് അനുഗ്രഹ വര്‍ഷം ചൊരിയും.തുലാമാസം പിറന്നാല്‍പ്പിന്നെ തെയ്യം കലാകാരന്മാര്ക്ക് വിശ്രമിമില്ലാത്ത ദിനങ്ങളാണ്. ചുമതലയുള്ള ഓരോ കാവുകളിലെയും വ്യത്യസ്ഥ ദേവതകളായി സ്വയം രൂപാന്തരപ്പെടാനുള്ള ഒരുക്കങ്ങളാണ് പിന്നീടങ്ങോട്ട്.വ്യത്യസ്തമായ ദേവതാസങ്കല്‍പ്പങ്ങള്‍ക്കോരോന്നിനും തീര്‍ത്തും വൈവിധ്യമാര്‍ന്ന അലങ്കാരങ്ങളുമായാണ് ഓരോ തെയ്യങ്ങളും ഭക്തര്‍ക്കു മുന്പിലെ
ത്തുന്നത്. ചുവപ്പും കറുപ്പും പോലുള്ള കടുംചായക്കൂട്ടുകളും വസ്ത്രങ്ങളും കുരുത്തോലകൊണ്ടുള്ള അലങ്കാരങ്ങളുമായി മനുഷ്യന് സ്വയം ദൈവമായി മാറുന്ന വൈവിധ്യമാര്‍ന്ന ഈ ആരാധനാരൂപങ്ങള്‍ ഒരു കൂട്ടായ്മയുടെ മുഴുവന്‍ പൈതൃകത്തിന്റെ ഭാഗമാണ്. കണ്ണുര്‍, കാസര്‍കോട് ജില്ലകളിലാണ് ഈ അനുഷ്ഠാനം പ്രചാരത്തിലുള്ളത്.