കോഴിക്കോട്: തൂലികകൊണ്ട് അക്ഷര വിസ്മയം തീര്‍ത്ത എംടിക്ക് വിട. മാവൂര്‍ റോഡിലെ സ്മൃതിപഥമെന്ന ശ്മശാനത്തില്‍ എംടിയുടെ ശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. തങ്ങളുടെ പ്രീയ സാഹിത്യകാരനെ അവസാനമായി ഒരു നോക്കുകാണാന്‍ സിതാരയിലേക്ക് ഒഴുകിയെത്തിയത് സിനിമ- സാംസ്കാരിക രംഗത്തെ പ്രമുഖരുള്‍പ്പടെ ആയിരങ്ങളാണ്. വ്യാഴാഴ്ച വൈകീട്ട് 4.15-ഓടെ എം.ടി. അവസാനമായി സിതാരയുടെ പടിയിറങ്ങി.
സിതാരയില്‍ നിന്ന് ആരംഭിച്ച അന്ത്യയാത്ര കൊട്ടാരം റോഡ്, നടക്കാവ് മനോരമ ജംഗ്ഷന്, ബാങ്ക് റോഡ്, കെ.എസ്.ആര്.ടിസി ബസ് സ്റ്റാന്‍ഡ് വഴി ശ്്മശാനത്തിലേക്ക് എത്തി. മലയാളത്തിന്റെ പ്രിയ സാഹിത്യകാരനെ ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും വഴിനീളെ ആളുകള്‍ കാത്തുനിന്നു.ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എംടിയുടെ സഹോദരന്റെ മകനാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. വീടിന് പുറത്തെ പൊതുദര്‍ശനവും മോര്‍ച്ചറി വാസവും വേണ്ടെന്ന എംടിയുടെ ആഗ്രഹം കുടുംബം അതേപടി അനുസരിച്ചു.
കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10 മണിയോടെയാണ് അദ്ദേഹം അന്ത്യ ശ്വാസം വലിച്ചത്. ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ ഹൃദയാഘാതം ഉണ്ടായി. കഴിഞ്ഞ നാല് ദിവസം ആരോഗ്യനിലയില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. യന്ത്ര സഹായമില്ലാതെ ശ്വസിക്കാന്‍ സാധിക്കുമായിരുന്നു. ഇന്നലെ വൃക്കയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലായതോടെ രാത്രി 10 മണിയോടെ മരണം സംഭവിച്ചു.