കൊച്ചി: 1953ല്‍ സമരം ചെയ്ത തൊഴിലാളികളെ മട്ടാഞ്ചേരിയില്‍ വെടിവെച്ചു കൊന്ന ചരിത്രം സംബന്ധിച്ചു മാധ്യമപ്രവര്ത്തകന് അബ്ദുല്ല മട്ടാഞ്ചേരി എഴുതിയ ‘അടയാളം’ പുസ്തകത്തിന്റെ പ്രകാശനം മുതിര്‍ന്ന കമ്യൂണിസ്റ്റു നേതാവ് എം.എം ലോറന്‍സ് പ്രകാശനം ചെയ്തു. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കെ.ജെ മാക്സി എം.എല്‍എ ഏറ്റുവാങ്ങി. ജോണ്‍ ഫെര്‍ണാണ്ടസ്. എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ.ആര്. പ്രേമകുമാര്‍, പ്രസ്ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, പ്രണത ബുക്സ് എം.ഡി ഷാജി ജോര്‍ജ്, അബ്ദുല്ല മട്ടാഞ്ചേരി എന്നിവര്‍ സംസാരിച്ചു. ഡോ.ഫാ. റാഫി പര്യാത്തുശേരി സ്വാഗതവും എ. എ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു
തുറമുഖത്തെ ചാപ്പ സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു തൊഴിലാളികള്‍ നടത്തിയ സമരം 75-o ദിവസം പോലിസ് വെടിവെച്ചു അവസാനിപ്പിച്ച സമരമായിരുന്നു, 1953 സെപ്റ്റംബര്‍ 15ലേത്. ആ സമരത്തില്‍ സൈത്, സൈതാലി, ആന്റണി എന്നിവര്‍ രക്തസാക്ഷികളാവുകയും നൂറ് കണക്കിനുപേര്‍ ജീവിക്കുന്ന രക്തസാക്ഷികളാവുകയും ചെയ്തു. ചരിത്രപരമായ ആ മട്ടാഞ്ചേരി വിപ്ലവത്തെ അടയാളപ്പെടുത്തുന്ന ചരിത്രന്വേഷണമാണ് ‘അടയാളം ‘എന്ന പുസ്തകം. പ്രണത ബുക്സ് ആണ് പ്രസാധകര്. ഇത് വരെ പുറംലോകം അറിയാതെ മൂടപ്പെട്ട ചരിത്ര സത്യങ്ങള്‍ ‘അടയാള’ ത്തിലൂടെ അനാവരണം ചെയ്യാന്‍ ഗ്രന്ഥകര്‍ത്താവ് ശ്രമിച്ചിട്ടുണ്ട്.
കയ്യൂര്‍, കരിവെള്ളൂര്‍, കാവുമ്പായി, പുന്നപ്ര വയലാര്‍ സമരങ്ങളില്‍ പങ്കെടുത്ത്
മട്ടാഞ്ചേരിയില്‍ ഒളിവില്‍ കഴിഞ്ഞവരും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, മുസ്ലിം ലീഗ് എന്നീ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും കൈകള്‍ കോര്‍ത്തുനിന്ന് നടത്തിയ സമരമായിരുന്നു മട്ടാഞ്ചേരിയിലേത്. ടി.എം അബു, ജോര്‍ജ് ചടയംമുറി, പി. ഗംഗാധരന്, എം.എന്‍ താചൊ, കെ. എച്. സുലൈമാന്‍ മാസ്റ്റര്‍, എംകെ. രാഘവന്, എ.എ കൊച്ചുണ്ണി, ടി.പി പീതാംബരന് മാസ്റ്റര്‍, ജി. എസ് ധാരാസിംഗ് എന്നിവര്‍ നേതൃത്വം കൊടുത്ത സമരമായിരുന്നു ഇത്. അതുകൊണ്ട് കൂടിയാണ് ചരിത്രത്തിലെ സമാനതകളില്ലാത്ത വര്‍ഗസമരമായി മട്ടാഞ്ചേരി അടയാളപ്പെട്ടത്. ഈ ചരിത്രം കൂടിയാണ് ‘അടയാളം’ പറയുന്നത്.