തൃശൂര്‍: പ്രശസ്ത ബാലസാഹിത്യകാരന്‍ അധ്യാപകനുമായിരുന്ന കെ വി രാമനാഥന്(91) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു.1932 ല്‍ തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ചു. മണമ്മല്‍ ശങ്കര മേനോന്റെയും കൊച്ചുകുട്ടി അമ്മയുടെയും മകനാണ് കെ വി രാമനാഥന്. ഇരിങ്ങാലക്കുട സംഗമേശ്വരവിലാസം എല്‍ പി സ്കൂള്‍, ഗവ ബോയ്സ് ഹൈസ്കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, തൃശൂര്‍ ഗവ ട്രെയിനിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പി ജയചന്ദ്രനെ ഗാനലോകത്തേക്ക് കൈപിടിച്ച് നടത്തിയ അധ്യാപകനാണ് കെ വി രാമനാഥന്. ഇന്നസെന്റ്, ഡോ വി പി ഗംഗാധരന്, ഡോ കെ രാധാകൃഷ്ണന് തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. ഭാര്യ : രാധ, മക്കള്‍ : രേണു, ഇന്ദുകല.
കേരള ബാലസാഹിത്യ അക്കാദമി പ്രസിഡന്റ്, കേരള ചില്‍ഡ്രന്‍സ് ബുക്ക്ട്രസ്റ്റിന്റെ ഓണററി മെംബര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതി അംഗം, ഡല്‍ഹിയിലെ എ ഡബ്ല്യു ഐ സി അംഗം എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചു. ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്കൂളില്‍ ഹെഡ്മാസ്റ്ററായിരിക്കെ വിരമിച്ചു.
കര്‍മ്മകാണ്ഡം, രാഗവും താളവും എന്നീ ചെറുകഥാ സമാഹാരങ്ങള്‍ രചിച്ചു. പ്രവാഹങ്ങള്‍, ചുവന്ന സന്ധ്യ (നോവല്‍), രാഗവും താളവും, കര്‍മ്മകാണ്ഡം (കഥകള്‍), മുന്തിരിക്കുല, സ്വര്‍ണ്ണത്തിന്റെ ചിരി, കുട്ടികളുടെ ശാകുന്തളം, അജ്ഞാതലോകം, അത്ഭുതവാനരന്മാര്, സ്വര്‍ണ്ണമുത്ത്, രാജുവും റോണിയും, അത്ഭുതനീരാളി, അദൃശ്യമനുഷ്യന്‍, കളിമുറ്റം, ചെകുത്താന്മാര് സൂക്ഷിക്കുക, കുഞ്ഞുറുമ്പും കുളക്കോഴിയും, ടാഗോര്‍ കഥകള്‍ (ബാലസാഹിത്യം) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. എസ് പി സി എസ് പുരസ്ക്കാരം, സമസ്ത കേരള സാഹിത്യ പരിഷത്ത് ചെറുകഥാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടി, കൈരളി ചില്‍ഡ്രന്‍സ് ബുക്ക്ട്രസ്റ്റ് അവാര്‍ഡ്, ഭീമ സ്മാരക അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.