തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് എഴുത്തുകാരന് എസ് ഹരീഷിന്. ‘മീശ’ നോവലിനാണ് അവാര്‍ഡ് ലഭിച്ചത്. മലയാള നോവലുകള്‍ തുടര്‍ന്നു വരുന്ന രചനാ രീതിയിലും ഘടനയും വലിയ മാറ്റം നോവലില്‍ കാണാന്‍ കഴിയുമെന്ന് അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് ജൂറിയും എഴുത്തുകാരിയുമായ സാറാ ജോസഫ് പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. സാറാ ജോസഫ് , വി.കെ ജയിംസ്, വി രാമന്‍കുട്ടി എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്കാരം തെരഞ്ഞെടുത്തത്. മീശയുടെ ഇംഗ്ലീഷ് പരിഭാഷയായ മ്സ്റ്റാഷ് 2020-ല്‍ 25 ലക്ഷം ഇന്ത്യന്‍ രൂപ പാരിതോഷികമുള്ള ജെ.സി.ബി സാഹിത്യ പുരസ്കാരത്തിന് അര്‍ഹമായിരുന്നു. ജയശ്രീ കളത്തില്‍ ആണ് ഇംഗ്ലീഷ് പരിഭാഷ നിര്‍വ്വഹിച്ചത്.
ഏറെ വിവാദമായ പശ്ചാത്തലത്തില്‍ നേരത്തെ നോവല്‍ പിന്‍വലിച്ചിരുന്നു. സൈബര്‍ ആക്രമണത്തെതുടര്ന്നും ഭീഷണിയെ തുടര്‍ന്നുമായിരുന്നു കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ ഹരീഷ് നോവല്‍ പിന്‍വലിച്ചത്. സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സംഭാഷണമായിരുന്നു വിവാദമായത്. മാതൃഭൂമി ആഴ്ചപതിപ്പിലാണ് മീശ പ്രസിദ്ധീകരിച്ചിരുന്നത്. പിന്‍വലിക്കലിനെ തുടര്‍ന്ന് പിന്നീട് ഡിസി ബുക്സ് നോവല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.