വെഞ്ഞാറമ്മൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിലെത്തിയ സംഘമാണ് മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
കൃത്യം നടന്നിടത്തിന് സമീപത്തെ ജംഗ്ഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ഒരാളെ ഓടിച്ച് ആക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. അഞ്ചോളം പേരെ ദൃശ്യങ്ങളില്‍ കാണാം. ബെക്കില് സംഘം എത്തുന്നതും വാക്കേറ്റമുണ്ടാകുന്നതും വെട്ടിക്കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മൂന്ന് ബൈക്കിലെത്തിയ സംഘവും കൊല്ലപ്പെട്ടവരുമായി വാക്കേറ്റമുണ്ടാകുന്നു. തുടര്‍ന്ന് സംഘം റോഡിലിറങ്ങി ഒരാളെ ഓടിക്കുന്നതും വളഞ്ഞിട്ട് വെട്ടുന്നതും വ്യക്തമാണ്. കൃത്യം നടന്നിടത്തെ സിസിടിവി ക്യാമറകള്‍ തിരിച്ചുവെച്ച നിലയിലായിരുന്നു. അതിനാല്‍ ദൃശ്യങ്ങള്‍ ലഭ്യമായിരുന്നില്ല. സമീപത്തെ ജംഗ്ഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളില്‍ ചിലരെ വ്യക്തമായതായി പൊലീസ് അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ കൊലപാതകം നടന്നത്. മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സി.പി.ഐ.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
വെഞ്ഞാറമ്മൂട്ടില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് പൊലീസ് പിടികൂടിയത്. വെഞ്ഞാറമ്മൂടില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും റൂറല്‍ എസ്.പി പറഞ്ഞു. വെഞ്ഞാറമ്മൂട്ടിലേത് ആസൂത്രിത കൊലപാതകമാണെന്നും കോണ്‍ഗ്രസിന്റെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സിപിഐഎം ആരോപിച്ചു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ആലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. എന്നാല്‍ കൊലപാതകവുമായി ബന്ധമില്ലെന്നാണ് കോണ്‍ഗ്രസ് വാദം.
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. കൊലയ്ക്ക് പിന്നില്‍ യൂത്ത് കോണ്‍ഗ്രസുകാരാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു.