കോടതി അലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി ഒരു രൂപ പിഴ വിധിച്ചു. സെപ്തംബര്‍ 15നകം പിഴത്തുക അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് പ്രാക്ടീസില്‍ നിന്ന് വിലക്കുകയും ചെയ്യും.
വിധി പറഞ്ഞത് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ്. മാധ്യമ നിലപാടുകള്‍ കോടതി വിധികളെ സ്വാധീനിക്കാന്‍ പാടില്ല എന്ന് ജസ്ററിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. അറ്റോര്‍ണി ജനറലിന്റെ അഭ്യര്‍ത്ഥന മുഖവിലക്കെടുക്കുന്നു എന്നും ജസ്റ്റിസ് പറഞ്ഞു. പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കാതെ താക്കീത് നല്കി വിട്ടയക്കണം എന്ന അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ ആവശ്യം പൂര്‍ണമായും അംഗീകരിച്ചില്ലെങ്കിലും ശിക്ഷ ഒരു രൂപ എന്ന പിഴയില്‍ ഒതുക്കിയാണ് സുപ്രീംകോടതി വിധി.
കൂടാതെ 2018 ജനുവരിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നാല് ജഡ്ജിമാര്‍ പ്രത്യക്ഷരായതും തെറ്റായ നടപടിയെന്ന് സുപ്രിം കോടതി പറഞ്ഞു. ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്താന്‍ പാടില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. നേരത്തെ സുപ്രിം കോടതിക്കും ചീഫ് ജസ്റ്റിസുമാര്‍ക്കും എതിരെയുള്ള എല്ലാ ആരോപണവും പിന്‍വലിച്ചാല്‍ ദയാപൂര്‍വമായ നിലപാടെടുക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മനഃസാക്ഷിക്ക് തെറ്റെന്ന് ബോധ്യമുള്ള കാര്യങ്ങളില്‍ മാത്രമേ മാപ്പ് പറയുകയുള്ളുവെന്ന ഉറച്ച നിലപാട് പ്രശാന്ത് ഭൂഷണ് കോടതിയില്‍ സ്വീകരിച്ചു.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെയും മുന്‍ ചീഫ് ജസ്റ്റിസുമാരെയും വിമര്‍ശിച്ചതിന് പ്രശാന്ത് ഭൂഷണ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. രണ്ട് ട്വീറ്റുകളിലെ പരാമര്‍ശങ്ങളാണ് കോടതിയലക്ഷ്യക്കേസിലെത്തിയത്.