മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങള്‍ ഉപയോഗിച്ചെന്ന് കൂടെയുള്ളവരുടെ മൊഴി. വാഹനത്തിന് സൈഡ് നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. തര്‍ക്കം കാറിന്റെ ലൈറ്റ് അണയ്ക്കാത്തതിനെ തുടര്‍ന്നുണ്ടായതെന്നാണ് ജലീലിന് ഒപ്പമുണ്ടായിരുന്നവര്‍ വ്യക്തമാക്കുന്നത്. ബൈക്കില്‍ പിന്തുടര്‍ന്ന സംഘം ഹെല്‍മറ്റുപയോഗിച്ചാണ് കാറിന്റെ ചില്ല് തകര്‍ത്തതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. അബ്ദുല്‍ ജലീലിന്റെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് നടക്കുന്നത്.
കൗണ്‍സിലറെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ അബ്ദുല്‍ ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ന് പിടിയിലായത്. ആക്രമണത്തില്‍ പങ്കെടുത്ത അബ്ദുല്‍ മജീദ് എന്നയാളെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നാലെയാണ് രണ്ടാമനെ പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുന്നു. മജീദും ഷുഹൈബുമാണ് അബ്ദുള്‍ ജലീലിനെ വാഹനത്തെ പിന്തുടര്ന്ന് ആക്രമിച്ചത്.
പാലക്കാട് ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ജലീല്‍ കൊല്ലപ്പെടുന്നത്. ഇവിടെ വച്ചുണ്ടായ ഏന്തെങ്കിലും തര്‍ക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചയും ആക്രമണവും തമ്മില്‍ ബന്ധമില്ലെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
ഇന്നലെ അര്‍ധരാത്രിയാണ് കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ജലീല്‍ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും നേരത്തേ കൗണ്‍സിലറായിരുന്നു.
തലയിലും നെറ്റിയിലും മുറിവേറ്റ നിലയില്‍ ആശുപത്രില്‍ പ്രവേശിപ്പിച്ച അബ്ദുള്‍ ജലീലിനെ രണ്ട് അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടോടെ ആയിരുന്നു അന്ത്യം. മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തില്‍ അബ്ദുല്‍ ജലീന്റെ തലയോട്ടി തകര്‍ന്നിരുന്നു എന്നാണ് റിപ്പോര്‍ട്ട്.