തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെതിരേ വധശ്രമത്തിന് കേസ്സെടുത്തിട്ടില്ലെന്ന യുവതിയുടെ പരാതിയില്‍ വനിതാ കമ്മിഷന് ഇടപെടല്‍. വടക്കേക്കര പൊലീസിനെതിരേ വെണ്ണല സ്വദേശിയായ യുവതി വനിതാ കമ്മിഷനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഭര്‍ത്താവ് വി.ആര്. രാജേഷിനും സഹോദരിക്കുമെതിരേ കോടതിയുടെ പരിരക്ഷാ ഉത്തരവുണ്ടായിട്ടും തന്നെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായുള്ള യുവതിയുടെ പരാതിയില്‍ മജിസ്ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തിയെങ്കിലും വടക്കേക്കര പൊലീസ് ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസ്സെടുത്തിട്ടില്ലെന്നതാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ പരാതി.
സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഇയാളുടെ സഹോദരിയും ഭര്‍ത്താവിനെയും പ്രതി ചേര്‍ത്തിട്ടില്ലാ എന്ന വിഷയവും അടിയന്തരമായി അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിച്ച് വിശദമായ റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം നല്കാന് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് വനിതാ കമ്മിഷന് നിര്‍ദേശം നല്കി.