കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇയില്‍ അഞ്ച് ക്രമക്കേടുകള്‍ ബോധ്യപ്പെട്ടെന്ന് വിജിലന്‍സ്. റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷമാണെന്ന് വിജിലന്‍സ് പുറപ്പെടുവിച്ച കത്തില്‍ പറയുന്നു. രഹസ്യ പരിശോധന നടന്നത് നവംബര്‍ പത്തിനെന്നും കത്തില്‍. റെയ്ഡിനായി വിജിലന്‍സ് പുറപ്പെടുവിച്ച കത്തില്‍.
കെ.എസ്.എഫ്.ഇയുടെ നിലനില്പിനെത്തന്നെ ബാധിക്കുന്ന ക്രമക്കേടെന്ന ആമുഖത്തോടെയാണ് മിന്നല്‍ പരിശോധനയ്ക്ക് വിജിലന്‍സ് ആസ്ഥാനത്തു നിന്നും നിര്‍ദേശമെത്തിയത്. ക്രമക്കേടുകളെ കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയ്ക്ക് ശേഷമാണ് മിന്നല്‍ പരിശോധനയിലേക്ക് കടന്നത്. കൂടുതല്‍ ക്രമക്കേടു നടന്നെന്നു ബോധ്യപ്പെട്ട ശാഖകളെയാണ് പരിശോധനയ്ക്ക് തെരഞ്ഞെടുത്തതും. ചിട്ടിപ്പണം ട്രഷറിയില്‍ നിക്ഷേപിക്കുന്നില്ല, ചിട്ടിയില്‍ ക്രമക്കേട് നടത്തുന്നു, ബെനാമി പേരുകളില്‍ ഉദ്യോഗസ്ഥന്മാര് ചിട്ടി പിടിയ്ക്കുന്നു, പൊള്ളച്ചിട്ടി നടത്തുന്നു, ചിട്ടിയിലൂടെ ചിലര്‍ കള്ളപ്പണം വെളുപ്പിക്കുന്നു, തുടങ്ങിയ അഞ്ച് ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതായി യൂണിറ്റുകള്‍ക്ക് കൈമാറിയ റെയ്ഡ് ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
ജില്ലാ യൂണിറ്റുകളും സ്പെഷ്യല്‍ യൂണിറ്റുകളും കെഎസ്എഫ്ഇയുടെ ഒരു ബ്രാഞ്ചിലെങ്കിലും പരിശോധന നടത്തണമെന്നാണ് കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിജിലന്‍സ് ആസ്ഥാനത്ത് നിന്നാണ് കത്ത് പുറപ്പെടുവിച്ചിട്ടുള്ളത്.
പണം വകമാറ്റുന്നുവെന്നാണ് ഒരു ക്രമക്കേട്. പണം ട്രഷറിയിലോ നാഷണലൈസ്ഡ് ബാങ്കിലോ സ്ഥിരനിക്ഷേപം നടത്തുന്നില്ലെന്നും ആക്ഷേപം. ഈ വാദത്തിന് എതിരെ ധനമന്ത്രി തോമസ് ഐസക് തന്നെ രംഗത്തെത്തിയിരുന്നു.
മറ്റൊരു ക്രമക്കേട് കെഎസ്എഫ്ഇയുടെ അക്കൗണ്ടില്‍ വന്ന ശേഷം മാത്രം ചെക്കുകള്‍ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തുന്നതിലാണ്. ചെക്കുകള്‍ കളക്ഷന്‍ പോകുന്നതിന് മുന്‍പ് നറുക്കിലും ചിട്ടിയിലും ബ്രാഞ്ച് മാനേജര്‍മാര്‍ ഉള്‍പ്പെടുത്തുന്നു, രഹസ്യ പരിശോധനയില്‍ ഇതും തെളിഞ്ഞെന്നും വിജിലന്‍സ്. മള്‍ട്ടി ഡിവിഷന് ചിട്ടിയിലും വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയതായി വിവരം. പരാതി ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് റെയ്ഡ് എന്ന വിജിലന്‍സ് വാദം തെളിയിക്കുന്നതാണ് കത്ത്.