തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. മണക്കാട് സ്വദേശി വസീറിനെ പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. സ്ത്രീകളെ കയ്യേറ്റം ചെയ്യല്‍ ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കന്റോണ്‍മെന്റ് പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇന്നലെ ഉച്ചയ്ക്കാണ് സര്‍ജറി ഒപിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ശോഭയെ വസീര്‍ കയ്യേറ്റം ചെയ്തത്. കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്കെത്തിയതാണ് വസീര്‍. സംഭവത്തെ കെജിഎംഒഎ അപലപിച്ചു. അക്രമകാരികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനുവേണ്ട എല്ലാ നടപടികളും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അലംഭാവം ഉണ്ടായാല്‍ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട്, ആരോഗ്യ വകുപ്പ് ഡയറക്ടടറേറ്റ്, ഡിഎംഒ, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് കെജിഎംഒഎ ഇന്ന് കത്ത് നല്‍കും.