അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി ഉടന്‍ പ്രസ്താവിക്കും. ജഡ്ജി കോടതിയിലെത്തി. കോടതിപരിസരത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. 28 കൊല്ലം പഴക്കമുള്ള ക്രിമിനല്‍ കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരാണ് പ്രതികള്‍. വിനയ് കത്യാര്‍, ലല്ലുസിങ്, സാക്ഷി മഹാരാജ്, സാധ്വി ഋതംബര എന്നിവരടക്കം 27 പ്രതികള്‍ കോടതിയില്‍ എത്തി.
കോടതിക്കു പുറത്ത് ബാരിക്കേഡ് സ്ഥാപിച്ച് മാധ്യമങ്ങളെ നിയന്ത്രിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. പ്രതികള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. ശിക്ഷ വിധിക്കുകയാണെങ്കില്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് പ്രതികളില്‍ ഒരാളായ റാംജി ഗുപ്ത പറഞ്ഞു.
ആയിരത്തിലേറെ സാക്ഷികളില്‍ 351 പേരെയാണ് പ്രോസിക്യൂഷന് വിസ്തരിച്ചത്. പ്രതികള്‍ക്ക് വേണ്ടി സാക്ഷികളൊന്നും ഹാജരായില്ല. പ്രതികളോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായതിനാല്‍ ഉമാഭാരതിക്ക് ഹാജരാകാനാകില്ല. പ്രായം, അസുഖം, കോവിഡ് ഭീഷണി തുടങ്ങിയവ കണക്കിലെടുത്ത് നേതാക്കളില്‍ എത്രപേര്‍ ഹാജരാകും എന്നകാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം, കലാപമുണ്ടാക്കല്‍ മതസ്പര്‍ദ്ധ വളര്‍ത്തല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് മുറിവേല്‍പ്പിക്കല്‍, അരാധാനലയങ്ങളെ അശുദ്ധമാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവാണ് പരമാവധി ലഭിക്കാവുന്ന ശിക്ഷ. മൂന്ന് വര്‍ഷത്തിന് താഴെയാണ് ശിക്ഷയെങ്കില്‍ പ്രതികള്‍ക്ക് വിചാരണക്കോടിതിയില് നിന്ന് തന്നെ സോപാധിക ജാമ്യം നേടാം.