പെരിയ ഇരട്ടക്കൊലപാതക കേസില്‍ നിര്‍ണായക തീരുമാനം പുറപ്പെടുവിച്ച് ഹൈക്കോടതി.കേസില്‍ കുറ്റപത്രം സിംഗിള്‍ ബെഞ്ച് റദ്ദാക്കി. ഇനി കേസ് സിബിഐ അന്വേഷിക്കും. അന്വേഷണ സംഘത്തിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. വിശ്വാസ്യത ഇല്ലാത്ത അന്വേഷണമെന്നും കോടതി വിലയിരുത്തി. സാക്ഷികളെക്കാള്‍ കണക്കിലെടുത്തത് പ്രതികളുടെ മൊഴിയെന്ന് കോടതി.
സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെയും കോടതി വിമര്‍ശനം.പ്രാദേശിക നേതാക്കളുടെ ഗൂഢാലോചനയില്‍ നടന്ന കൊലപാതകമാകാമെന്ന് കോടതി. ഹൈക്കോടതിയോട് നന്ദി പറഞ്ഞ് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന് കൃഷ്ണന്. കോടതിയില്‍ നിന്ന് നീതി ലഭിച്ചെന്ന് ശരത് ലാലിന്റെ അച്ഛന് സത്യനാരായണനും പ്രതികരിച്ചു.
ആദ്യപ്രതിയുടെ മൊഴി വെച്ചാണ് കുറ്റപത്രം തയ്യാറാക്കിയത്. ഈ കുറ്റപത്രത്തില്‍ വിചാരണ നടന്നാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്നു പറഞ്ഞ കോടതി പൊലീസ് അന്വേഷണം നീതിപൂര്‍വ്വമല്ലെന്നും പറഞ്ഞു.
ഫൊറന്‍സിക് സര്‍ജന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നു വ്യക്തമാക്കിയ കോടതി പൊലീസിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. രാഷ്ട്രീയക്കൊലയെന്ന് ഏഫ്ഐആറില്‍ വ്യക്തമാണെന്ന് പറഞ്ഞ കോടതി കൊലയ്ക്കു ശേഷം പ്രതികള്‍ പാര്‍ട്ടി ഓഫിസിലേക്കാണ് ആദ്യം പോയതെന്ന മൊഴി പൊലീസ് കാര്യമായി എടുത്തില്ലെന്നും കുറ്റപ്പെടുത്തി. പൊലീസ് അന്വേഷണം വിശ്വാസയോഗ്യമല്ലെന്നും കോടതി പറഞ്ഞു. 2019 ഫെബ്രുവരി 17ന് രാത്രിയാണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും അക്രമിസംഘം കൊലപ്പെടുത്തിയത്.