പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള സ്ഥാപന ഉടമ റോയി ഡാനിയേല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റിയ ആന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. റോയി ഡാനിയേലിന്റെ മക്കളായ റിയ, റിനു എന്നിവര്‍ക്കാണ് തട്ടിപ്പില്‍ മുഖ്യ പങ്കെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. 2014ല്‍ കമ്പനികളുടെ ഉടമസ്ഥാവകാശം മക്കളുടെ പേരിലേക്ക് മാറ്റിയിരുന്നു. എല്‍എല്‍പി എന്ന നിലയില്‍ കമ്പനികള്‍ രൂപീകരിച്ച് തട്ടിപ്പ് നടത്തിയത് ഇവരായിരുന്നുവെന്നും നിക്ഷേപകര്‍ക്ക് അറിയാത്ത ഒരു പാട് കാര്യങ്ങളുണ്ടെന്നും എസ്പി കെജി സൈമണ്‍ വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പത്തനംതിട്ട എസ്.പി.ഓഫീസിലെത്തി റോയി ഡാനിയേലും പ്രഭയും കീഴടങ്ങിയത്. രണ്ടാഴ്ച്ചയായി ഇരുവരും ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച മക്കള്‍ പിടിയിലായതോടെയാണ് റോയിയുടേയും പ്രഭയുടെയും കീഴടങ്ങല്‍. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തുക. ഇന്നലെ രാത്രി ഏറെ വൈകിയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം റോയിയെ അടൂര്‍ ക്വാറന്റീന് കേന്ദ്രത്തിലേക്കും പ്രഭ, റിനു, റിയ എന്നിവരെ പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലേക്കുമാണ് മാറ്റിയിരിക്കുന്നത്.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പോപ്പുലര്‍ ഫിനാന്‍സ് എന്ന പേരിലാണ് നിക്ഷപകര്‍ക്ക് തുടക്കകാലം മുതല്‍ രേഖകളും രസീതുകളും നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി നല്കുന്ന രേഖകള്‍ പോപ്പുലര്‍ ഡീലേഴ്സ് പോപ്പുലര്‍ പ്രിസ്റ്റേഴ്സ് പോപ്പുലര്‍ നിധി എന്നീ പേരുകളിലാണ്.
വകയാറിലുള്ള ആസ്ഥാനത്ത് നിന്ന് നിര്‍ണായക രേഖകള്‍ പൊലീസിന് ലഭിച്ചു. മക്കളുടെ ഭര്ത്താക്കന്മാരുടെ പേരിലുള്ള സംരഭങ്ങളിലേയ്ക്ക് ഫിനാന്‍സിന്റെ നിക്ഷേപം വകമാറ്റിയിരുന്നു. നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ നികുതി വകുപ്പ് പരിശോധിക്കും. അതേസമയം, പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രത്യക്ഷ സമരം തുടങ്ങി.