കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെക്കുറിച്ച് അറിയിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. കാലാവധി അവസാനിച്ച സ്ഥിരനിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ എത്രപേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് അറിയിക്കേണ്ടത്. വിഷയത്തില്‍ സര്‍ക്കാരിന് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നും വിശദീകരണം നല്‍കണം. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ടി.ആര് രവിയുടേതാണ് ഉത്തരവ്.
മരിച്ച ഫിലോമിനയുടെ കുടുംബത്തെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് മന്ത്രി ആര്. ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലെ ഓഫീസ് വളയുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. നാളെ രാവിലെ 9.30നാണ് കോണ്‍ഗ്രസ് സമരം നടത്തുന്നത്. മന്ത്രി ആര്. ബിന്ദുവിന്റെ പരാമര്‍ശത്തില്‍ ദു:ഖമുണ്ടെന്ന് ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി പ്രതികരിച്ചിരുന്നു. ഫിലോമിനയുടെ മൃതദേഹം പൊതുസ്ഥലത്ത് വച്ച് ഷോ കാണിക്കുക എന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. മൃതദേഹം റോഡില്‍ വച്ച് തനിക്ക് ഒന്നും നേടാനില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുജന ശ്രദ്ധ കിട്ടാന്‍ ആയിരുന്നില്ല ഇത് ചെയ്തത്. മറ്റേതു തരത്തിലാണ് തനിക്കുണ്ടായ ബുദ്ധിമുട്ട് പ്രകടിപ്പിക്കുകയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ബാങ്കില്‍ നിന്ന് നേരിടേണ്ടി വന്നത് കടുത്ത അപമാനമാണെന്നും ഭാര്യയുടെ ചികിത്സയ്ക്കായി അടുത്തിടെയാണ് പണം ആവശ്യപ്പെട്ടതെന്നും ദേവസി പറയുന്നു. എന്നാല്‍ മരിച്ച ഫിലോമിനയ്ക്ക് ആവശ്യമായ തുക നല്‍കിയെന്നാണ് മന്ത്രി പറഞ്ഞത്. സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടെന്നും ആവശ്യമുള്ള ഘട്ടത്തില്‍ പണം ലഭ്യമാക്കാനുള്ള ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ കരുവന്നൂര്‍ നിക്ഷേപം മടക്കി നല്കാന് പ്രത്യേക പാക്കേജ് ഉണ്ടാക്കിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന് പറഞ്ഞു. നിക്ഷേപകയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.