വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറെന്ന് കാട്ടി പിസി ജോര്‍ജ് പൊലീസിന് കത്തയച്ചു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്കാണ് കത്ത് അയച്ചത്. ആരോഗ്യ പ്രശ്നങ്ങളാലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലും ആണ് ചോദ്യം ചെയ്യലിന് ഹാജരാകാഞ്ഞതെന്ന് പി സി ജോര്‍ജ് നല്കിയ കത്തില്‍ പറയുന്നുണ്ട്. സമയവും സ്ഥലവും മുന്‍കൂട്ടി അറിയിച്ചാല്‍ ഉപകാരമാകുമെന്നും പൊലീസിന് നല്കിയ കത്തില്‍ പിസി ജോര്‍ജ് പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അറിയിച്ച് പൊലീസ് പിസി ജോര്‍ജിന് കത്ത് നല്‍കിയെങ്കിലും ഹാജരാകാനില്ലെന്ന് വ്യക്തമാക്കിയ ജോര്‍ജ് തൃക്കാക്കരയില്‍ എന്‍ഡിഎയുടെ പ്രചാരണത്തിനെത്തുകയായിരുന്നു.
ജോര്‍ജിന്റെ നിലപാടില്‍ എന്ത് നടപടി വേണമെന്നതില്‍ പൊലീസ് നിയമോപദേശം തേടും. തുടര്‍ന്ന് ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ നേരത്തേ ജോര്‍ജ് ലംഘിച്ചിരുന്നു.
കോടതി വ്യവസ്ഥയ്ക്ക് വിരുദ്ധമായി മതവിദ്വേഷ പ്രസംഗം നടത്തിയതിനെത്തുടര്‍ന്ന് ജാമ്യം റദ്ദാക്കി ജോര്‍ജിനെ ജയിലിലിട്ടിരുന്നു. തുടര്‍ന്ന്, ഹൈക്കോടതിയെ സമീപിച്ചാണ് ജാമ്യം നേടിയത്.