കൊച്ചി: പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പരിശീലനം നല്കിയ നായയെ അഴിച്ചുവിട്ട ഓണ്‍ലൈന്‍ ലഹരിവില്‍പ്പനക്കാരനെ ബലപ്രയോഗത്തിലൂടെ പിടികൂടി. കാക്കനാട് തുതിയൂര്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടത്തിവന്ന ലിയോണ്‍ റെജി(23) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും മൂന്ന് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
പരിശീലനം നല്കിയ സൈബീരിയന്‍ ഹസ്കി ഇനത്തില്‍പ്പെട്ട നായയെ ഉപയോഗിച്ചാണ് യുവാവ് ഉദ്യാഗസ്ഥരെ തടയാന്‍ ശ്രമിച്ചത്. ലിയോണിന്റെ പക്കല്‍ നിന്ന് മയക്കുമരുന്ന് വാങ്ങി പിടിയിലായ യുവാവ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും ഇന്റലിജന്‍സ് വിഭാഗവും പരിശോധനയ്ക്ക് എത്തിയത്.
ബലപ്രയോഗത്തിലൂടെ റൂമില്‍ പ്രവേശിച്ച എക്സൈസ് സംഘം പട്ടിയെ മറ്റൊരു മുറിയിലേക്ക് മാറ്റുകയും ഇയാളെ കീഴ്പ്പെടുത്തുകയുമായിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചതിനാല്‍ പിടിയിലായ ശേഷവും ലിയോണ്‍ അക്രമ സ്വഭാവം കാണിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ തുതിയൂരിലെ വീട്ടില്‍ താമസം തുടങ്ങിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വീടിന് പുറത്ത് ഇറങ്ങാതെ ഓണ്‍ലൈന്‍ വഴിയായിരുന്നു മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. ഓണ്‍ലൈന്‍ വഴി പണം നല്‍കുന്നയാള്‍ക്ക് ഇയാള്‍ വീടിന്റെ ലൊക്കേഷന്‍ അയച്ചുനല്‍കുകയും ഇവിടെ വെച്ച് ഇടപാട് നടത്തുകയുമായിരുന്നു പതിവ്. ലിയോണിന് മയക്കുമരുന്ന് എത്തിച്ച് നല്കിയിരുന്നവരെ കുറിച്ച് സൂചന ലഭിച്ചതായും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും എക്സൈസ് സംഘം അറിയിച്ചു.