സ്വര്‍ണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തില്‍ നിന്ന് മാറ്റാന്‍ സ്വപ്നയുടെ രഹസ്യ മൊഴി മതിയാകുമെന്ന് കേരളത്തിന് ഇഡിയുടെ മറുപടി സത്യവാങ്മൂലം. വിചാരണ മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്ക് കളങ്കമല്ല. ആവശ്യം നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കാനാണ്. വിചാരണ മാറ്റണമെന്ന ആവശ്യത്തിന് പിന്നില്‍ ബാഹ്യ സ്വാധീനമില്ല. കേസിലെ നടപടി ക്രമങ്ങള്‍ അട്ടിമറിയ്ക്കുന്നതിന് സംസ്ഥാനത്തിന്റെ അധികാരം ദുരുപയോഗം ചെയ്തു എന്നത് വ്യക്തമാണ്.
സര്‍ക്കാരിലെ ഉന്നതര്‍ ഉള്‍പ്പെട്ട കേസാണെന്ന വസ്തുത കണക്കിലെടുക്കണം. ഇഡി അന്വേഷണത്തെ സഹായിക്കുന്നതിന് പകരം പലതും മറിച്ച് പിടിക്കാനാണ് സംസ്ഥാനം ശ്രമിച്ചത്. സ്വപ്നയുടെ വെളിപ്പെടുത്തല്‍ കലാപ അന്തരീക്ഷം സൃഷ്ടിച്ചെന്ന് സംസ്ഥാനം തന്നെ സമ്മതിക്കുന്നുണ്ടെന്നും ഇഡി സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം കേസില്‍ ശിവശങ്കര്‍ സമര്‍പിച്ച സത്യവാങ്മൂലത്തിനും ഇഡി മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വിചാരണ മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി അടുത്ത മാസം മൂന്നിന് പരിഗണിക്കും.