തനിക്കെതിരായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് വിവാദം ആസൂത്രിതമാണെന്ന് എംസി കമറുദ്ദീന് എംഎല്‍എ. കോടതി മുഖേന എടുക്കേണ്ട കേസ് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പൊലീസ് എടുത്തത്. ചെറുവത്തൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച അബ്ദുള്‍ ഷൂക്കൂര്‍, എംടിപി സുഹറ, വലിയ പറമ്പ് സ്വദേശി ആരിഫ എന്നിവരുടെ പരാതിയിലാണ് ജ്വല്ലറി ചെയര്മാന് എംസി കമറുദ്ദീന് എംഎല്‍എക്കും മാനേജിംഗ് ഡയറക്ടറും സമസ്ത നേതാവുമായ ടികെ പൂക്കോയ തങ്ങള്‍ക്കുമെതിരെ വഞ്ചനാകുറ്റം ചുമത്തി ചന്തേര പൊലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. നോട്ടു നിരോധനം മൂലം സ്ഥാപനം പ്രതിസന്ധിയിലാവുകയായിരുന്നെന്ന് കമറുദ്ദീന് പറഞ്ഞു.
ജ്വല്ലറി ഇടപാടുകളുമായി മുസ്ലിം ലീഗിന് ബന്ധമില്ല. കേസ് നിയമപരമായി നേരിടുമെന്നും കമറുദ്ദീന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2019 -ല്‍ ബ്രാഞ്ചുകള്‍ പൂട്ടി. സ്വത്തുവകകള്‍ വിറ്റ് പ്രശ്നം പരിഹരിക്കാനിരുന്നതാണ്. ലോക്ഡൗണ്‍ തടസ്സമായി. പിന്നീട് ഷെയര്‍ ഹോള്‍ഡേഴ്സിനെ വിളിച്ച് കൂട്ടി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. മൂന്ന് മാസം കൊണ്ട് പ്രശ്നം പരിഹരിക്കാന്‍ തീരുമാനിച്ചതാണ്.
തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നിലവിലെ കേസ്. ഫാഷന്‍ ഗോള്‍ഡ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. കൊടുത്ത് തീര്‍ക്കാനുള്ളവരുടെ പണം ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും കമറുദ്ദീന് അറിയിച്ചു.