പെരിയ ഇരട്ടക്കൊലകേസിൽ സിപിഐഎമ്മിൻ്റെ ആറ് നേതാക്കളടക്കം 14 പേർ കുറ്റക്കാരെന്ന വിധിക്ക് പിന്നാലെ സർക്കാരിനെതിരെ വിമർശവുമായി കോൺഗ്രസ് നേതാക്കൾ. കുടുംബത്തിന് ന്യായമായി ലഭിക്കേണ്ട വിധി അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചതിനെ അതിജീവിച്ചാണ് ഈ വിധിയിൽ എത്തിയതെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.കേസ് തേച്ചുമാച്ച് കളയാൻ സർക്കാർ പരമാവധി ശ്രമം നടത്തിയെന്ന് കുറ്റപ്പെടുത്തിയ രമേശ് ചെന്നിത്തല വിധിയിൽ തൃപ്തരല്ലെന്ന് പ്രതികരിച്ചു. പ്രതികളെ വെറുതെവിട്ടതിനെതിരെ കുടുംബങ്ങളുമായി ആലോചിച്ച് കേസുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐഎം നിഷ്ഠൂരമായി നടത്തിയ കൊലപാതകമാണ് പെരിയയിലേത്. സിപിഐഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നും പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.
ശിക്ഷ 14 പേർക്ക് മാത്രമല്ല, സിപിഐഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും കൊലപാതകികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനും കൂടിയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ശിക്ഷയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്കെതിരെ നിയമ പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിധിയിൽ ആശ്വാസമുണ്ടെന്നും കുടുംബത്തിന് നീതി ലഭിച്ചുവെന്നും പി.സി വിഷ്ണുനാഥ് പ്രതികരിച്ചു.വ്യക്തിപരമായി തന്നോട് വലിയ അടുപ്പമുള്ള രണ്ടു കുട്ടികൾ ആയിരുന്നു കൃപേഷും ശരത് ലാലും.കേസ് അട്ടിമറിക്കാനും തെളിവ് നശിപ്പിക്കാനും കുറ്റക്കാരെ രക്ഷിക്കാനും സർക്കാർ പരിശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേസിൽ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കെവി കുഞ്ഞിരാമനടക്കം ആറ് പ്രധാന നേതാക്കൾ ഉൾപ്പടെ 14 പ്രതികളെയാണ് സിബിഐ കോടതി കുറ്റക്കാരെന്ന് വിധിച്ചത്. 10 പ്രതികളെ വെറുതെവിടുകയും ചെയ്തു. കേസിൽ കുറ്റക്കാരായവർക്ക് ശിക്ഷ ജനുവരി മൂന്നിന് പ്രസ്താവിക്കും.