മോന്സന് മാവുങ്കലിനെ പൊലീസ് വഴിവിട്ട് സഹായിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മോന്‍സനെതിരെ പരാതി നല്‍കിയവരുടെ മൊബൈല്‍ കോള്‍ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തി നല്കി. ഇക്കാര്യം ഐജി ലക്ഷ്മണിനോട് മോന്‍സ് പറയുന്ന ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്ത് വിട്ടു. പൊലീസ്, സിബിഐ തുടങ്ങിയ ഏജന്‍സികള്‍ക്ക് മാത്രം ലഭിക്കുന്ന വിവരങ്ങളാണ് മോന്സന് അനധികൃതമായി എടുത്ത് നല്‍കിയത്.
ആലപ്പുഴ സി ബ്രാഞ്ച് ഡിവൈഎസ്പി ബെന്നിയെ വിരട്ടണമെന്നും മോന്സന് ഐജിയോട് പറയുന്നു. ചേര്‍ത്തലയിലെ വാഹനക്കേസില്‍ എതിര് നിലപാട് എടുത്തതാണ് കാരണം. ആലപ്പുഴ എസ്പിയെയും മോന്സന് കണ്ടു, ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഐജി ലക്ഷ്മണിനോട് പരാതി പറഞ്ഞത്.
അതേസമയം, ശ്രീവല്‍സം ഗ്രൂപ്പ് ചെയര്മാന് രാജേന്ദ്രന് പിള്ളയില്‍ നിന്ന് പണം തട്ടാന്‍ മോന്സന് ഉപയോഗിച്ചത് സഹായിയുടെ പേരിലെ അക്കൗണ്ട്. തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴി ശ്രീവല്‍സം ഗ്രൂപ്പില്‍ നിന്ന് വാങ്ങിയ 2 കോടി രൂപയുടെ ഇടപാട് നടത്തിയതായി മോന്‍സന്റെ സഹായി അജിത്ത് പറഞ്ഞു. ബാംഗ്ലൂരിലെ ബിസിനസുകാരായ തന്റെ രണ്ട് സുഹൃത്തുക്കളില്‍ നിന്ന് 40 കോടി രൂപ മോന്സന് തട്ടിയെടുത്തതായും അജിത്ത് ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്കി.