പന്തളം: മോന്സണ് മാവുങ്കലിന്റെ തട്ടിപ്പിനിരയായവരില്‍ പന്തളത്തെ ബിസിനസ് ഗ്രൂപ്പും. പത്ത് കോടി രൂപ വാഗ്ദാനം ചെയ്ത് ഉടമയില്‍ നിന്നും മോന്സണ് മാവുങ്കല്‍ തട്ടിയത് ആറ് കോടി രൂപയാണ്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹത്തിന്റെ മാനേജര്‍ രംഗത്തെത്തി. അറസ്റ്റിന് പിന്നാലെ മോന്സണെതിനെ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്. മോന്സണ് ഉന്നതരുടെ സഹായം ലഭിച്ചുവെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരില്‍ ഒരാളായ എം.ടി ഷെമീര്‍ രംഗത്തെത്തിയിരുന്നു.
മോന്‍സണെതിരായ കേസ് അട്ടിമറിച്ചത് ഒരു പോലീസ് മേലധികാരി എന്നാണ് ഷെമീര്‍ പറഞ്ഞത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടുവെന്നും ചേര്‍ത്തല, എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അറുപത് ലക്ഷം രൂപയാണ് ഷെമീറില്‍ നിന്ന് മോന്സണ് തട്ടിച്ചത്.
ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി, യേശുവിനെ ഒറ്റ് കൊടുത്തപ്പോള്‍ കിട്ടിയ 30 വെള്ളിക്കാശില്‍ ഒന്ന് തുടങ്ങി പുരാവസ്തുക്കളുടെ അമൂല്യ ശേഖരം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മോന്സണ് തട്ടിപ്പ് നടത്തിയിരുന്നത്. പലരില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയത്.
പണം നഷ്ടപ്പെട്ടവരില്‍ ചിലരുടെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോഴാണ് മോണ്സണ് വില്‍പ്പനയ്ക്ക് വച്ച പുരാവസ്തുക്കളില്‍ പലതും ആശാരി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്. മോന്‍സണെതിരെ തെളിവുകള്‍ ശേഖരിച്ച ക്രൈംബ്രാഞ്ച് സംഘം ചേര്‍ത്തലയിലെ വീട്ടില്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് പിന്നീട് ജാമ്യം കിട്ടി.