പാലാരിവട്ടം പാലം അഴിമതി കേസില്‍ കരാറുകാരന് മുന്‍കൂര്‍ പണം അനുവദിച്ചതില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് തെറ്റായ ലക്ഷ്യമുണ്ടായിരുന്നുവെന്ന് വിജിലന്‍സ്. മുന്‍മന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിവടക്കം സൂരജ് ആവര്‍ത്തിച്ചെന്നും വിജിലന്‍സ് റിപ്പോര്‍ട്ട്. മുന്‍കൂര്‍ തുകയ്ക്ക് പലിശ കുറച്ചതുവഴി സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും വിജിലന്‍സ് റിപോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതുക്കിയ സത്യവാങ് മൂലത്തിലാണ് മന്ത്രിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉള്ളത്. കരാറുകാരന് മുന്‍കൂര്‍ പണം അനുവദിക്കാന്‍ അനുമതി നല്‍കിയതിന് പിന്നില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നു. മുന്‍കൂര്‍ പണമായി അനുവദിച്ച എട്ടേകാല്‍ കോടിയ്ക്ക് പലിശ കുറച്ചതുമൂലം സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായി. അക്കൗണ്ട് ജനറലിന്റെ 2014 ലെ റിപോര്‍ട്ടില്‍ 56 ലക്ഷം രൂപ നഷ്ടമുണ്ടായതായി വ്യക്തമാക്കുന്നുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ടി ഒ സൂരജിനെ ജയിലെത്തി ചോദ്യം ചെയ്തപ്പോഴും മുന്‍മന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. ഇബ്രാഹിം കുഞ്ഞിന്റ പങ്കിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും വിജിലന്‍സിന്റെ റിപോര്‍ട്ട് പറയുന്നു. പുതുക്കിയ സത്യവാങ്മൂലം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുതിയ റിപോര്‍ട്ട് .
ഹൈക്കോടതിയില്‍ സമര്‍പിച്ച ജാമ്യാപേക്ഷയില്‍ മന്ത്രിക്കെതിരായി സൂരജ് ഉന്നയിച്ച വാദങ്ങള്‍ തള്ളുന്ന നിലപാടായിരുന്നു വിജിലന്സ്നേരത്തെ സ്വീകരിച്ചത് . തിങ്കളാഴ്ച പ്രതികളുടെ ജാമ്യപേക്ഷക്കൊപ്പം കോടതി ഇത് പരിഗണിക്കും