പാറ്റ്നയിൽ കോളേജ് കാമ്പസിൽ 22 കാരനായ വിദ്യാർത്ഥിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായ ചന്ദൻ യാദവ് ആണ് കേസിൽ അറസ്റ്റിലായത് .കഴിഞ്ഞവര്‍ഷം നടന്ന ആഘോഷ പരിപാടിയിലെ തര്‍ക്കത്തെ ച്ചൊല്ലിയുള്ള വൈര്യമാണ് 22 കാരന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം. പരീക്ഷയെഴുതാൻ കോളേജിൽ എത്തിയപ്പോഴാണ് മുഖംമൂടി ധരിച്ചവർ വടിവാളുമായി ഹർഷ് രാജിനെ ആക്രമിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഹർഷ് രാജിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി പട്ന സിറ്റി എസ്പി ഭരത് സോണി പറഞ്ഞു. അക്രമത്തിന്റെ മുഖ്യസൂത്രധാരനാണ് അറസ്റ്റിലായത്.കഴിഞ്ഞ വർഷം ദസറയ്ക്കിടെ നടന്ന പരിപാടിക്കിടെയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. രണ്ട് ഗ്രൂപ്പുകൾ തമ്മിൽ വഴക്കുണ്ടാവുകയും സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു.യുവാവിനെ സംഘം തുടര്‍ച്ചയായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കോളേജ് ക്യാമ്പസിൽ നിന്നുള്ള സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. കൊലപാതകത്തിൽ നടപടിയെടുക്കണമെന്ന് ബീഹാർ മന്ത്രി അശോക് ചൗധരി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഞാൻ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യും.