ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ് പൊലീസ് കസ്റ്റഡിയില്‍. ഗോവയില്‍ നിന്ന് ചാത്തന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഷിജു വര്‍ഗീസിന്റെ കാര്‍ കത്തിച്ച കേസില്‍ രണ്ട് പേര് ഇന്ന് രാവിലെ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ഷിജു വര്‍ഗീസിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
വോട്ടെടുപ്പ് ദിനത്തിലാണ് ഷിജു വര്‍ഗീസിന്റെ കാര്‍ കത്തിച്ച സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘാംഗം ബിനുകുമാര്‍, ഷിജുവിന്റെ മാനേജര്‍ ശ്രീകുമാര്‍ എന്നിവരാണ് രാവിലെ പൊലീസിന്റെ പിടിയിലായത്. സംഭവത്തില്‍ ഷിജു വര്‍ഗീസിനും പങ്കുള്ളതായി സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഷിജു വര്‍ഗീസിനെ വിശദമായി ചോദ്യം ചെയ്യും.
വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരുമായി ധാരണാ പത്രം ഒപ്പിട്ട അമേരിക്കന്‍ കമ്പനി ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യത്തിന്റെ പ്രസിഡന്റാണ് ചെറായി സ്വദേശിയായ ഷിജു എം. വര്‍ഗീസ്. തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ നിന്ന് ഷിജു വര്‍ഗീസ് മത്സരിച്ചിരുന്നു.